Font Problem
Download Font

വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ കൂടെയുണ്ട്‌

എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ, നിങ്ങളെ അഭിസംബോധനചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. നമ്മള്‍ പുതിയ ഒരു മേഖലയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. ഇനി മുതല്‍ നമ്മള്‍ നമുക്ക് വേണ്ടി തന്നെ ഈ കാര്യം നിര്‍വഹിക്കാന്‍ പോവുകയാണ്. അതാണ് സപ്തംബര്‍ 12 സംരംഭകത്വ ദിനമായി ആചരിച്ചതിന്റെ പ്രാധാന്യം.

വികസിത രാജ്യങ്ങളിലൊക്കെ ഒരു സമയമുണ്ടായിരുന്നു എന്ന് പറയുന്നു. അതായത് യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമൊക്കെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളൊക്കൊ ഓരോ ആശയങ്ങളുമായി മുന്നോട്ട് വരികയായിരുന്നു. ആശയങ്ങള്‍ തുരുതുരാ വന്നുകൊണ്ടിരുന്നു. യന്ത്രവല്‍കൃത യുഗമൊക്കെ തുടങ്ങിയത് അങ്ങനെയാണ്. അതൊക്കെ വലിയ വ്യവസായങ്ങളായി മാറി. സംരംഭങ്ങളായി മാറി. 'ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് ഔവര്‍ നേഷന്‍' ആകണം അത്. വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ നിങ്ങളുടെ ആശയങ്ങളുമായി സംരംഭത്തിന് തയാറായാല്‍ പണം ഒരു പ്രശ്‌നമല്ല, നിങ്ങള്‍ ഉദ്ദേശിക്കുന്ന സംരംഭത്തിന് സൗകര്യമൊരുക്കാനും ഫണ്ട് നല്‍കാനും സര്‍ക്കാര്‍ റെഡി- നമുക്ക് ആ സമയം ആയിരിക്കുന്നു. നമുക്ക് നമ്മുടെ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാം; നമ്മുടെ ആശയങ്ങള്‍ വളര്‍ത്തിയെടുക്കാം. അത് നല്ല സംരംഭങ്ങളാക്കി മാറ്റാം. അതിന് അടിസ്ഥാനപരമായി വേണ്ടത് പ്രോത്സാഹനമാണ്. ഞങ്ങള്‍ അത് തരാന്‍ തീരുമാനിച്ചിരിക്കുന്നു.

സംസ്ഥാനത്ത് ദീര്‍ഘകാലം വ്യവസായ മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ ജീവിതത്തിലിന്നുവരെ കാണാത്ത ഒരു പ്രതിഭാസമാണ്, മാറ്റമാണ് ഇപ്പോഴുള്ളത്. എത്രയോ ചെറുപ്പക്കാരാണ് പുതിയ പുതിയ ആശയങ്ങളുമായി രംഗത്തുവരുന്നത്. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. ഇത്തരം ആശയങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഏതറ്റംവരെ പോകാനും സര്‍ക്കാര്‍ തയാറാണ്.

ഐഡിയകള്‍ വളര്‍ത്തിയെടുത്ത് കമ്പനിയാക്കി പ്രവര്‍ത്തിച്ചാല്‍ അത് ലോകോത്തരമാക്കി വളര്‍ത്തുന്നതില്‍ നിങ്ങളെ സഹായിക്കാന്‍ ഈ സര്‍ക്കാറുണ്ടാകും. ഇത് സംസ്ഥാനത്ത് സാധിക്കില്ലെന്ന് ആരും കരുതേണ്ട. ഇപ്പോള്‍ ഇന്ത്യയില്‍തന്നെ ഇത്തരം ആശയങ്ങള്‍ കമ്പനികളായി രൂപപ്പെടുകയും അത് ഷെയര്‍ മാര്‍ക്കറ്റില്‍ ഇടപെടാന്‍ പ്രാപ്തമായ അവസ്ഥയിലെത്തുകയും ചെയ്തതില്‍ കേരളം ഒന്നാമതാണ്. നമ്മുടെ സാമ്പത്തികം സജ്ജമാണ്. നല്ലൊരു ഭാവിയിലേക്കുള്ള സ്വപ്‌നത്തെക്കുറിച്ചാണ് നിങ്ങളോട് പറയാനുള്ളത്. ഹാന്റ്‌ലൂം, കൃഷി, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസനം സാധ്യമാക്കേണ്ട കാലമാണിത്.

ഇതുവഴി മനുഷ്യന്റെ ആവശ്യങ്ങള്‍ മുഴുവനും കൂടുതല്‍ ടെക്‌നോളജികളുടെ സഹായത്തോടെ പൂര്‍ണമാക്കാന്‍ സാധിക്കും. ഇങ്ങനെയാണ് വികസിത രാജ്യങ്ങളിലൊക്കെ നടന്നത്. ഇനി ഇപ്പോള്‍ നമ്മള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അടുത്ത ഘട്ടം എന്നു പറയുമ്പോള്‍ നവീകരണമാണ് മുന്നിലുള്ളത്. പാഠ്യപദ്ധതികള്‍ മുഴുവന്‍ മാറ്റാം. ആ പാഠ്യപദ്ധതികള്‍ മാറ്റുമ്പോള്‍ അവിടെ അതിനനുസരിച്ചുള്ള ടെക്‌നോളജികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പല ഉപകരണങ്ങളും നമുക്ക് വളര്‍ത്തിയെടുക്കാം. യാത്ര കൂടുതല്‍ എളുപ്പമാക്കണം. അതിന്, അതിനനുസരിച്ചുള്ള പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടു കൂടി പുതിയ സംരംഭങ്ങള്‍, പുതിയ കണ്ടുപിടിത്തങ്ങള്‍ നമുക്ക് ഉണ്ടാക്കാം.

കൃഷിയുടെ കാര്യത്തില്‍ നമ്മുടെ പരിമിതമായ ഭൂമിയില്‍ നിന്ന് കൂടുതല്‍ ഉല്‍പാദനം വേണം. ആദായകരമാകണം. അതുപോലെയുള്ള ഏത് രംഗമെടുത്താലും അവിടെയെല്ലാം പുതിയ ആശയങ്ങള്‍ അനിവാര്യമാണ്. അതിന് ആ തരത്തിലുള്ള ആശയങ്ങള്‍ മാത്രം മതി. അത് എല്ലാം നിങ്ങളുടെ കൈയിലുണ്ട്. അതിന് നിങ്ങള്‍ മുന്നോട്ട് വരണം. നിങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഞങ്ങള്‍ കൂടെയുണ്ട്. കോളജുകളിലും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകട്ടെ.

ഇനി നമ്മുടെ യുവാക്കള്‍ തീരുമാനിക്കേണ്ടത്, എനിക്ക് ഇത്തരത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും, ഞാന്‍ അത് ചെയ്യും എന്നാണ്. ഇന്ന് നമുക്ക് മുന്നിലുള്ള പല സാങ്കേതിക വിദ്യകളും, ഫേസ്ബുക്ക് ഒരു ഉദാഹരണമാണ്. ഇത് ഒരു ചെറുപ്പക്കാരന്‍ സൃഷ്ടിച്ചെടുത്തതാണ്. ഇന്ന് ലോകത്തുള്ള പല ഗെയിംസുകളും ഇതിന് ഉദാഹരണമാണ്. ഇത് ഒക്കെ ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ഉല്‍പന്നങ്ങളായി നമ്മള്‍ കാണുന്നുവെങ്കില്‍ അത് ഒരു മസ്തിഷ്‌കത്തില്‍ നിന്ന് ഉത്ഭവിച്ച് വന്നതാണ്. നിങ്ങള്‍ക്കും ഇത്തരത്തിലുള്ള ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കുന്നതിന് സാധിക്കും. നിങ്ങള്‍ക്കും ഇത്തരത്തിലുള്ള ആശയങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇതു തന്നെയാണ് സംരംഭകത്വ ദിനത്തിന്റെ ഏറ്റവും വലിയ സന്ദേശവും. ആ നിലയില്‍ ചിന്തിച്ച് നമ്മുടെ കാമ്പസുകളില്‍ ~ഒക്കെ കേവലം പുസ്തകപ്പുഴുക്കളായി കഴിയാതെ, സര്‍ക്കാറിന്റെ ജോലി അല്ലെങ്കില്‍ പുറത്ത് നിന്നുള്ള ഒരു സംരംഭം എന്ന ചിന്തമാറി സ്വന്തമായി പുതിയ സംരംഭങ്ങള്‍ ഉണ്ടാക്കും, പുതിയ ഐഡിയാസ് ഉണ്ടാക്കുമെന്ന ദൃഢനിശ്ചയവുമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണം. മുന്‍ കാലങ്ങളില്‍ എല്ലാവരും ജോലിക്കായി പുറത്തേക്ക് പോവുകയായിരുന്നു. ഇനി അത് തിരുത്തി എല്ലാവരും ഇങ്ങോട്ട് വരണം. ഇവിടെയാണ് അവസരം. ഇതുവരെ എല്ലാവര്‍ക്കും അവസരം പുറത്തായിരുന്നു. ഇനി അവസരം ഇവിടെയാണ്.

ബുദ്ധിശക്തിയുള്ള നമ്മുടെ ആളുകള്‍ തിരിച്ച് നമ്മുടെ നാട്ടിലെത്തണം. അതിനുള്ള മാര്‍ഗങ്ങള്‍ ഇവിടെ സൃഷ്ടിക്കണം. കാര്‍ഷിക വിപ്ലവം, വ്യവസായ വിപ്ലവം എല്ലാം ഇവിടെ നടക്കണം. ഒരു പറ്റം സംരംഭകര്‍ ഇപ്പോള്‍ തന്നെ ഒരുമിച്ച് ചേര്‍ന്ന് ഹാന്‍ഡ്‌ലൂം ഇന്‍ഡസ്ട്രീസിനെ എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഇതിന് വ്യവസായ വകുപ്പ് സഹായം നല്‍കുന്നുണ്ട്. ഇതുപോലെ എന്തിനെപ്പറ്റിയും നിങ്ങള്‍ക്ക് ചിന്തിക്കാം. നല്ല ഐഡിയകളുമായി ഞങ്ങളെ സമീപിക്കാം. ഈ ഐഡിയകള്‍ വികസിപ്പിക്കുന്നതിനും സംരംഭം ആരംഭിക്കുന്നതിനും നിങ്ങളുടെ കൈയില്‍ പണം ഉണ്ടാകില്ല. ഇതിന് സഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ കൂടെ ഉണ്ടാകും. അടിസ്ഥാന സൗകര്യമുണ്ടാക്കി തരികയും അത് വികസിപ്പിക്കുന്നതിന് സഹായം നല്‍കുകയും ചെയ്യും. എല്ലാത്തരം സംരംഭകരെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.

(സംരംഭകത്വ ദിനത്തില്‍ ഗൂഗ്ള്‍ ഹാംഗ് ഔട്ടിലൂടെ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)

Share

0 COMMENTS
POST A COMMENT

Name
Email
Press ctrl+g to toggle between English and Malayalam.© 2010 - 2011 Nilapadu.com All Rights Reserved.
Best viewed on Chrome, FF and IE 7+