Font Problem
Download Font

നഷ്ടപ്പെട്ടവര്‍ക്കേ അറിയൂ വേര്‍പാടിന്റെ വേദന.............

ഇന്നലെ ഉച്ചയോടെ തേടിയെത്തിയ ദുരന്ത വാര്‍ത്തയുടെ ഞെട്ടലില്‍നിന്ന് ഞാനിപ്പോഴും മുക്തനായിട്ടില്ല. എന്റെ നാട്ടിലെ പതിനാല് പേരെയാണ് മരണം തട്ടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയും ഇതേ പോലെ ഒരു ദുരന്തം കേള്‍ക്കാനിട വന്നു. താനൂരിലെ മുക്കോലയില്‍ എട്ടുപേരെയാണ് അന്ന് മരണം കൊണ്ടുപോയത്. വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്ന കുടുംബത്തില്‍ പെട്ടവര്‍ സഞ്ചരിച്ച ഓട്ടോക്ക് മുകളിലൂടെ ബസ് ഓടിക്കയറുകയായിരുന്നു. ഇന്നലെ പെരിന്തല്‍മണ്ണയിലെ തേലക്കാടും പതിനാല് പേരുടെ ജീവന്‍ കവര്‍ന്നത് ബസ് അപകടമാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു.
ദുരന്തമുണ്ടാകുമ്പോള്‍ ഓടിയെത്തുന്നതിനും ആശ്വസിപ്പിക്കുന്നതിനും ആളുകളുണ്ടാകും. നഷ്ടപ്പെട്ടവര്‍ക്കേ വേര്‍പാടിന്റെ വേദന അറിയൂ. എത്ര നഷ്ടപരിഹാരം നല്‍കിയാലും ഈ വേര്‍പാടിന്റെ വേദനക്ക് ഒന്നും പകരം നല്‍കാനാകില്ല. സര്‍ക്കാറിന് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കാം, ആശ്രിതര്‍ക്ക് ജോലി നല്‍കാം. പക്ഷെ ജീവന്‍ തിരിച്ചുനല്‍കാന്‍ ഈ ലോകത്താര്‍ക്കും കഴിയില്ല. നഷ്ടപ്പെട്ടവര്‍ക്ക് ഒരായുസ് മുഴുവന്‍ കണ്ണീര്‍ മാത്രം ബാക്കി.

കേരളത്തിലെ ഒരു മന്ത്രിയാണ് ഞാന്‍. ഈ അപകടങ്ങള്‍ ഞങ്ങളെ പോലുള്ളവരുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. റോഡുകള്‍ കുരുതിക്കളങ്ങളാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അമാന്തം കാണിച്ചുകൂടെന്നാണ് ഓരോ അപകടവും വിളിച്ചുപറയുന്നത്. നമ്മുടെ റോഡുകളുടെ സ്ഥിതി ദയനീയമാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല. സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എങ്കിലും ഇനിയും ഏറെ പരിഷ്‌കരണങ്ങള്‍ റോഡുകളില്‍ ഏര്‍പ്പെടുത്തിയേ മതിയാകൂ.

താനൂരിലും പെരിന്തല്‍മണ്ണയിലും അപകടമുണ്ടാക്കിയത് ബസ്സുകളുടെ അമിതവേഗമാണ്. മരണപ്പാച്ചില്‍ നിയന്ത്രിക്കുന്നതിന് പോലീസ് അടക്കമുള്ളവര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. പൊതുജനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ഗൗരവം കാണിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മുന്നിലൂടെ ചീറിപ്പായുന്ന ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കെതിരെ അധികാരികളെ ബോധ്യപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. മരണപ്പാച്ചില്‍ നടത്തുന്ന ബസ്സുകള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ എത്തിക്കുന്നതിനുളള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കും.

ബസപകടങ്ങളില്‍ പൊലിയുന്നത് തികച്ചും സാധാരണക്കാരുടെ ജീവിതമാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് പല അപകടങ്ങളിലും പൊലിഞ്ഞുപോകുന്നത്. ഞാനടക്കമുള്ള മന്ത്രിമാര്‍ക്ക് മുന്നിലും പിന്നിലും പോലീസിന്റെ കാവലുണ്ട്. എന്നാല്‍ സാധാരണക്കാരുടെ ജീവന് ഇത്തരം കാവലുകളില്ല. നിയമത്തിന്റെ കാവല്‍ ഇനിയും ശക്തമാക്കേണ്ടിയിരിക്കുന്നു. അതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ എത്രയും വേഗം ആലോചിക്കും.

മരണപ്പാച്ചില്‍ നടത്തുന്ന ബസ്സുകള്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിച്ചേ മതിയാകൂ. അമിതവേഗം വഴി അപകടമുണ്ടാക്കുന്ന ബസ്സുകളുടെ ഉടമകളുടെ സ്വത്ത് കണ്ട് കെട്ടുന്നത് അടക്കമുള്ള കര്‍ശനമായ നടപടികള്‍ പ്രാബല്യത്തില്‍ വരുത്തണം. ഉടമയെയും ക്രിമിനല്‍ നടപടികളുടെ ഭാഗമാക്കണം. നമ്മുടെ റോഡുകള്‍ മരണക്കളങ്ങളാക്കുന്നവര്‍ക്ക് നേരെ ശക്തമായ നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ രക്ഷയുള്ളൂ. അനാഥകളാക്കപ്പെടുന്ന കുഞ്ഞുങ്ങളുട കണ്ണീര്‍ ഇനിയും കാണാന്‍ വയ്യ. നഷ്ടപ്പെടുന്നവന്റെ വേദനകള്‍ക്ക് നേരെ മുഖം തിരിഞ്ഞുനില്‍ക്കാനുമാകില്ല.

Share

0 COMMENTS
POST A COMMENT

Name
Email
Press ctrl+g to toggle between English and Malayalam.



© 2010 - 2011 Nilapadu.com All Rights Reserved.
Best viewed on Chrome, FF and IE 7+