Font Problem
Download Font

കെ കരുണാകരൻ - നവകേരളശിൽപ്പി

പൊതുസമൂഹത്തിന് മാധ്യസ്ഥനാണ് നഷ്ടപ്പെട്ടത്. എല്ലാ സമുദായങ്ങളുടെയും പ്രശ്‌നങ്ങളെ അര്‍ഹിക്കുന്ന പരിഗണനയോടെ സമീപിച്ച ജനനേതാവ്. ജാതി, മത ഭേദമെന്യേ എല്ലാവരെയും ഒന്നിച്ചു കാണാന്‍ കഴിഞ്ഞ ഗുരുവായൂരപ്പ ഭക്തന്‍. സാമുദായിക സംവരണത്തിനു പോരാടുന്നവരെയും സാമ്പത്തിക സംവരണത്തിനു വാദിക്കുന്നവരെയും അനുനയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവുന്ന നയതന്ത്രജ്ഞന്‍. പ്രായവും അനാരോഗ്യവും ലീഡറുടെ ഊര്‍ജസ്വലതയെ ബാധിച്ചു തുടങ്ങിയപ്പോള്‍, കേരളത്തിലെ പൊതുസമൂഹത്തില്‍ അത്തരമൊരു ഇടപെടലിന്റെ അഭാവം നിഴലിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടോടെ പ്രതിസന്ധികളിലെ അത്താണി നഷ്ടമാവുകയും ചെയ്തു.

ആരുടെ പക്ഷത്ത് നില്‍ക്കുന്നു എന്നൊരു സംശയം പോലുമുളവാകാത്ത വിധം അദ്ദേഹം എല്ലാവരുടെയും സ്വന്തം പക്ഷമായി. അത് കരുണാകരന്റെ തന്ത്രമാണെന്ന് വിമര്‍ശകര്‍ പറയുമ്പോഴും അദ്ദേഹം ചിരിച്ചു. കാരണം അദ്ദേഹത്തിന്റെ തന്ത്രം കേരള ജനതയോടുള്ള അതിരറ്റ സ്‌നേഹം മാത്രമായിരുന്നു. അതു കൊണ്ട് അനുയായികള്‍ക്കും പ്രതികൂലികള്‍ക്കും അദ്ദേഹം "ലീഡര്‍" ആയി.

കരുണാകരന്റെ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ നോക്കിയിരിക്കാറുണ്ട് ഞാന്‍. ജുബ്ബയും മീശയും. ഊര്‍ജസ്വലന്‍. യൗവനം തുടിക്കുന്ന പ്രസന്നമുഖം. പ്രായം അദ്ദേഹത്തിന് വരുത്തിയ മാറ്റം യുഗങ്ങളുടെ മാറ്റമായി തോന്നും.

ആധുനികകേരളം പൂര്‍ണമായും "മതേതരം" ആയി രൂപപ്പെട്ടതിനു പിന്നില്‍ കരുണാകരന്റെ കഠിന പ്രയത്‌നമുണ്ട്. ചന്ദനക്കുറിയും തൊപ്പിയും കുരിശും അണിഞ്ഞവരെ ഒരേ പോലെ കണ്ട് തോളില്‍ കൈയിട്ടു നടക്കുന്ന വേറൊരു നേതാവുണ്ടോ കരുണാകരനെപ്പോലെ? സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സി.എച്ച്. മുഹമ്മദ്‌കോയ എന്നിവരുമായുള്ള ബന്ധം, യു.ഡി.എഫ് രൂപവത്കരണം എന്നിങ്ങനെ ചരിത്രത്തിലെ പല രംഗങ്ങളും മനസ്സില്‍ വരികയാണ്. എല്ലായിടത്തും നേതാവായി നിറഞ്ഞു നിന്നു കരുണാകരന്‍. ശരീഅത്ത്, സംവരണം, ബാബരി മസ്ജിദ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ന്യായമായ അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭ്യമാക്കാന്‍ അദ്ദേഹം മുന്നില്‍ നിന്നു. അനുരഞ്ജനത്തിന്റെ ഭാഷ കൊണ്ടും കുശാഗ്രബുദ്ധി കൊണ്ടും വാദകോലാഹലങ്ങള്‍ക്ക് പ്രതിവിധിയുണ്ടാക്കാന്‍ കെ. കരുണാകരനെ പോലെ സാധിച്ച മറ്റൊരു ഭരണാധികാരിയില്ല. ഏതെങ്കിലുമൊരു സമുദായത്തിനുവേണ്ടി "ലീഡര്‍" മുന്‍ കൈയെടുത്ത് നടപ്പാക്കിയ തീരുമാനമോ ആനുകൂല്യമോ ആരും ചോദ്യം ചെയ്യില്ല.

കരുണാകരന്റെ കൂസലില്ലായ്മക്ക് അധികാരത്തിന്റെ പിന്‍ബലം ആവശ്യമില്ലായിരുന്നു. പതിറ്റാണ്ടുകളോളം ഭരണാധികാരിയായും പ്രതിപക്ഷനേതാവായും പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം സമഗ്ര കേരളവികസനത്തിന്റെ അടിത്തറ പാകിയ മുഖ്യമന്ത്രിയാണ്. വ്യവസായ മന്ത്രിയായിരിക്കെ ഈ ലേഖകന്‍ ചില പദ്ധതി നിര്‍ദ്ദേശങ്ങളുമായി അദ്ദേഹത്തെ സമീപിക്കും. ചിലപ്പോള്‍ രാഷ്ട്രീയ എതിര്‍പ്പുകള്‍ക്ക് വഴിവെക്കുന്ന പദ്ധതികളുമാകാം. അപ്പോഴൊക്കെ അദ്ദേഹത്തിന് ഒരൊറ്റ മറുപടിയേ ഉണ്ടാകൂ: "അതങ്ങട് ചെയ്യ്. പറഞ്ഞു സമയം കളയാതെ ചെയ്യ്".ആ പിന്‍ബലത്തില്‍ അതിനുള്ള ഫയല്‍ തയാറാക്കി ശുപാര്‍ശയോടെ മുഖ്യമന്ത്രിയുടെ മുമ്പിലെത്തിച്ചാല്‍ അദ്ദേഹത്തിനു ബോധ്യമുള്ള കാര്യങ്ങളില്‍ അനുമതിക്കൊപ്പം ഒരു കമന്റുമുണ്ടാകും-"താമസംവിനാ നടപ്പിലാക്കുക". ആ ചങ്കൂറ്റം കേരളത്തിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം പോലെ, അതിന്റെ ജ്വലിക്കുന്ന ഉദാഹരണങ്ങള്‍ കേരളമെങ്ങും തലയുയര്‍ത്തി നില്‍ക്കുന്നു.

"സ്വകാര്യമേഖലയില്‍ ഒരു വിമാനത്താവളമോ? അതും കേരളത്തിലോ? കമ്യൂണിസ്റ്റുകാര്‍ സമ്മതിക്കുമോ?" എന്ന് മുഖ്യമന്ത്രിയോട് ഞാന്‍ ചോദിച്ചു. ഉടന്‍ വന്നു മറുപടി: "ങ്ഹാ, പിന്നെ.... എല്ലാം അവരുടെ സമ്മതം വാങ്ങിയിട്ടല്ലേ....?" അങ്ങനെയാണ് നെടുമ്പാശ്ശേരിക്ക് പ്രാരംഭം കുറിച്ചതും മന്ത്രിമാര്‍ വിദേശത്ത് ഓഹരി പിരിക്കാന്‍ പോയതും. പറഞ്ഞ പോലെ കമ്യൂണിസ്റ്റുകാര്‍ സമര പന്തലും കെട്ടി ഇരുന്നു. ഇന്ന് ആ വിമാനത്താവളത്തിന്റെ ആളുകളായിരിക്കുന്നു അവര്‍. ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോള്‍ അടിച്ചമര്‍ത്തണമെന്നതാണ് കരുണാകരന്റെ നയം. നിയമം കൈയിലെടുത്തു കഴിഞ്ഞാല്‍ പിന്നെ കളിക്കാന്‍ വിട്ടാല്‍ ശരിയാവില്ല. ഭരണത്തിന്റെ അടിസ്ഥാന തത്ത്വമാണത്. ലോകത്തെല്ലായിടത്തും അതു തന്നെയാണ് സമീപനം. പക്ഷേ, അവകാശസമരങ്ങളുടെ പേരില്‍ എന്തുമാവാം എന്ന ഇടത് തത്ത്വശാസ്ത്രത്തിന്റെ പേരില്‍ ഒരു പാട് രാഷ്ട്രീയാതിക്രമങ്ങള്‍ നടന്നു. തന്റെ ഭരണകാലയളവില്‍ അവയെല്ലാം ശക്തമായി നിയന്ത്രിക്കുക തന്നെ ചെയ്തു കരുണാകരന്‍. ഇത് ശക്തമായ വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തി. അതുപോലെ വന്നുപെട്ട വിനയാണ് പാമോയില്‍ കേസ്. അന്നത്തെ സ്ഥിതിയില്‍ പാമോയില്‍ ഇറക്കുമതി അത്യാവശ്യമായിരുന്നു. അടിയന്തരാവസ്ഥയുടെ പേരിലും കരുണാകരന്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. അടിയന്തരാവസ്ഥയുടെ ദോഷങ്ങളെ ന്യായീകരിക്കാനാവില്ല. പക്ഷേ, ആ കാലഘട്ടത്തിന് ഏറെ നന്മകളുമുണ്ടായിരുന്നു. കേരളസമൂഹം അത് അംഗീകരിച്ചതാണ്. അതുകൊണ്ടാണ് ആ ഗവണ്‍മെന്റ് തിരിച്ചുവന്നത്. അടിയന്തരാവസ്ഥയുടെ ദോഷം പറയുമ്പോള്‍ ഈ തിരിച്ചുവരവിന്റെ കാരണവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആ നന്മയില്‍ കരുണാകരനും പങ്കില്ലേ?

വ്യക്തിപരമായി എനിക്ക് ചെറുപ്പം മുതല്‍ കരുണാകരന്‍ ഒരു പ്രചോദനമായിരുന്നു. കോളജ് പഠനം കഴിഞ്ഞ് ചെറുപ്രായത്തില്‍ മലപ്പുറം നഗരസഭാ ചെയര്‍മാനായിരിക്കെ നഗരസഭക്കു വേണ്ടി അദ്ദേഹം ചെയ്തു തന്ന സേവനം മറക്കാനാവില്ല. കേന്ദ്ര സഹായമുള്ള ചെറുകിട - ഇടത്തരം പട്ടണ വികസന പദ്ധതിയില്‍ നിന്ന് അന്നത്തെ ഇടത് സര്‍ക്കാര്‍ യു.ഡി.എഫ് ഭരണമുള്ള നഗരസഭകളെ തഴഞ്ഞു. വാശിയോടെ ഇക്കാര്യം അന്നത്തെ പ്രതിപക്ഷ നേതാവായ കരുണാകരന്റെ ശ്രദ്ധയില്‍പ്പെടുത്തി. മലപ്പുറത്തിനു വേണ്ടി പ്രത്യേക ഉത്തരവുണ്ടാക്കി ആ കേന്ദ്ര പദ്ധതി പിടിച്ചുവാങ്ങി തന്നു അദ്ദേഹം.

അണികള്‍ക്ക് പ്രചോദനം നല്‍കുന്നതില്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു. കരുണാകര മന്ത്രിസഭ അവിശ്വാസപ്രമേയം നേരിട്ട ഒരു ഘട്ടം. എം.എല്‍.എമാരുടെ കൂറുമാറ്റം വലിയ ചര്‍ച്ചയാണ്. കോണ്‍ഗ്രസില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും കൂറുമാറ്റ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. നിയമസഭാ ലൈബ്രറിയുടെ ഒരു വശത്ത് മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ ഒത്തുകൂടിയപ്പോഴും ചര്‍ച്ച അതു തന്നെ. മുസ്‌ലിംലീഗിലും കൂറുമാറ്റ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങള്‍. അപ്രതീക്ഷിതമായി ഞങ്ങള്‍ക്കിടയിലേക്ക് മുഖ്യമന്ത്രി കയറിവന്നു. എടുത്തടിച്ച പോലൊരു ചോദ്യം: 'ങ്‌ഹേ, ഞാനെന്താ ഈ കേള്‍ക്കുന്നത്? ലീഗില്‍ നിന്നൊരാള്‍ കൂറുമാറുകയോ? അങ്ങനെയൊന്ന് സംഭവിക്കാന്‍ പാടുണ്ടോ സീതി ഹാജീ?' അതു കേട്ടയുടന്‍ സീതി ഹാജിയുടെ മറുപടി: "അത് സംഭവിക്കൂല ലീഡറേ...." കരുണാകരന്‍ എഴുന്നേറ്റ് പോയപ്പോള്‍, അരയില്‍ തിരുകിയ തോക്കില്‍ കൈ വെച്ച് സീതി ഹാജി പറഞ്ഞു: 'നമ്മളെ കൂട്ടത്തില്‍ നിന്നാരെങ്കിലും മാറിയാല്‍ ഒരു "ഉണ്ട" ഞാന്‍ ചെലവാക്കും. നിയമസഭയുടെ ഉള്ളിലിട്ട് ഞാന്‍ വെടിവെക്കും". സീതിഹാജി പറഞ്ഞ കാര്യം ഞാന്‍ മുഖ്യമന്ത്രിയെ കേള്‍പ്പിച്ചിരുന്നു. പിറ്റേന്ന് അവിശ്വാസപ്രമേയം തള്ളി. വിജയിയായി പുറത്തേക്കിറങ്ങി വരുമ്പോള്‍ കരുണാകരന്റെ കമന്റ്: "സീതിഹാജിയുടെ "ഉണ്ട" പ്രയോഗം ഫലിച്ചൂട്ടോ".

എന്റെ ജീവിതത്തിലെ ഒരു നല്ല ഭാഗം അദ്ദേഹത്തോടൊപ്പം കഴിഞ്ഞ അവിസ്മരണീയ കാലമാണ്. പരസ്‌പര വിമര്‍ശനങ്ങളുണ്ടായിരുന്നു. എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റോടെ നോക്കിക്കണ്ടു. വേദനിപ്പിക്കുന്ന ഓര്‍മകളും ഈ കൂട്ടത്തിലുണ്ട്.

1991ല്‍ വ്യവസായ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഘട്ടത്തില്‍ എന്റെ പരിചയക്കുറവുകളെ മറികടന്നു മുന്നോട്ടുപോവാന്‍ പ്രേരണയായത് അദ്ദേഹമായിരുന്നു. അന്ന് ലീഡര്‍ പറഞ്ഞു: "ആദ്യമായി മന്ത്രിയാവുകയല്ലേ? ഒരു വ്യവസായനയമുണ്ടാക്കി കാര്യങ്ങള്‍ ചെയ്യണം. അതിനു പറ്റിയ ഒരു സെക്രട്ടറിയെ ഞാന്‍ തരാം". അന്നത്തെ വ്യവസായ സെക്രട്ടറിയായിരുന്നു കെ.എം. ചന്ദ്രശേഖര്‍. വിരമിച്ചിട്ടും ഇപ്പോഴും അദ്ദേഹം കേന്ദ്രത്തിലെ കാബിനറ്റ് സെക്രട്ടറിയായി തുടരുന്നു. അത്രയ്ക്ക് പ്രഗത്ഭനാണ്. കഴിവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി അവരെ പൂര്‍ണമായി പ്രയോജനപ്പെടുത്തി പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ അസാമാന്യ പാടവമായിരുന്നു കരുണാകരന്. ഈ ചങ്കൂറ്റം ചിലപ്പോള്‍ അദ്ദേഹത്തിന് വിനയായിട്ടുമുണ്ട്. റിസ്‌ക് എടുക്കുമ്പോള്‍ അതിന്റെ അപകടവുമുണ്ടാകും. അദ്ദേഹവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്ത ഘട്ടം. "നേതൃമാറ്റം" എന്ന ആവശ്യമുയര്‍ന്നപ്പോള്‍ വളരെ വിഷമത്തോടെയാണ് ഞാന്‍ ആ തീരുമാനത്തിലേക്കു വന്നത്. മുന്നണിയിലെ എല്ലാ കക്ഷികളും തീരുമാനമെടുത്തു കഴിഞ്ഞതിനാല്‍ അവസാനം മുസ്‌ലിംലീഗ് നിലപാടെടുക്കേണ്ട അനിവാര്യ ഘട്ടമായിരുന്നു. അതോടെ "നേതൃമാറ്റം" യാഥാര്‍ഥ്യമായി. ആ ദിവസങ്ങള്‍ ഒരു തീരാവേദനയുടെ കറുത്ത ഓര്‍മകള്‍ തന്നെയാണ്. അതിനുശേഷം സൗഹൃദത്തിന്റെ കെട്ട് പൊട്ടിപ്പോയി. പിന്നെ കണ്ടത് ചേരിമാറ്റം, തിരിച്ചുവരവ്, അനിശ്ചിതത്വങ്ങള്‍. അങ്ങനെയൊന്ന് സംഭവിക്കുമെന്ന് വിഭാവന ചെയ്യാന്‍ പോലും കഴിയുമായിരുന്നില്ല

Share

4 COMMENTS
SHUKOOR OVUNGAL MANJERI Says 02:01 am,Monday, 24th, Jan, 2011

Dear leader,I am a KMCC worker in Riyadh also malappuram district committee vice president, please visit our manjeri kmcc website and give to us any suggestions our site name www.kmccmanjeri.com/kmcc.php Thank You.

afdfd Says 06:12 am,Sunday, 23rd, Jan, 2011

fafadf afaf

hhkj Says 05:48 am,Sunday, 23rd, Jan, 2011

vvbnv jjhkjh kjkljlk

adf Says 04:11 am,Sunday, 23rd, Jan, 2011

adfd adf adfdfadfd

POST A COMMENT

Name
Email
Press ctrl+g to toggle between English and Malayalam.© 2010 - 2011 Nilapadu.com All Rights Reserved.
Best viewed on Chrome, FF and IE 7+