Font Problem
Download Font

ഭാവി കേരളത്തിൽ കമ്മ്യൂണിസത്തിനുനിലനില്‍പ്പില്ല

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നു. പശ്ചിമബംഗാളിനെക്കാൾ കമ്മ്യൂണിസ്റ്റ്‌ ആധിപത്യത്തിന് പാകമായ ഇന്ത്യൻ സംസ്ഥാനം എന്ന് വിശേഷിപ്പിച്ചിരുന്ന കേരളം മാറുകയാണ്‌. അടിസ്ഥാനപരമായ മാറ്റം. ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ ഫലം കണക്കാക്കിയുള്ള കേവല രാഷ്ട്രീയ വിശകലനമല്ല ഇത്. 2009 -ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അതി ദയനീയമായി പരാജയപ്പെട്ടു .അതിനെ ഭരണവിരുദ്ധ വികാരമേന്നോ , കേന്ദ്രത്തിൽ കോണ്‍ഗ്രസ് വരണമെന്ന ചിന്താഗതിയായോ വിലയിരുത്തി "സ്വാഭാവികം" എന്ന് പറഞ്ഞു സിപിഎം- നു ന്യായീകരിച്ചു നില്‍ക്കാമായിരുന്നു. പക്ഷെ തുടർന്നു വന്ന മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് അതിലും കനത്ത തിരിച്ചടിയായി . ഉപതിരഞ്ഞെടുപ്പുകൾ സാധാരണ ഇടതുപക്ഷത്തെയാണ് തുണയക്കാറുള്ളത്‌. മൂന്ന് മണ്ഡലങ്ങളിൽ ഒന്നിച്ചു ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ അത് കുറച്ചുകൂടി ശക്തമായി ഇടതു അനുകൂലമാവുമെന്ന് ആയിരുന്നു പൊതു ധാരണ .

പോരാത്തതിനു സിപിഎം - ന്റെ കായിക രാഷ്ട്രീയം അരങ്ങു തകർക്കുന്ന നാട്ടില്‍ , പിണറായിയുടെ കണ്ണൂരിലും അച്യുതാനന്ദന്റെ ആലപ്പുഴയിലും എറണാകുളത്തുമൊക്കെയാകുമ്പോൾ ആ ധാരണ ബലപ്പെടുകയും ചെയ്യും .അതും തകർക്കപ്പെട്ടു . പിന്നാലെ വന്നത് തദ്ദേശ തിരഞ്ഞെടുപ്പ് . പാർലമെന്റ് , അസ്സംബ്ലി , തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് സീറ്റ് കാര്യത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏത് കാലത്തും സിപിഎം മേധാവിത്തം പുലർത്തി. മലപ്പുറം പോലുള്ള ചില ജില്ലകളിലൊഴികെ ഇടതുപക്ഷത്തിന്റെ ആധിപത്യം തന്നെ ആയിരുന്നു.അത്തരമൊരു ചരിത്രത്തിന്റെ പിൻബലത്തിൽ നിന്നാണ് കേരളത്തിലെ സിപിഎം- ഉം ഇടതുപക്ഷവും ഈ തിരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടിരിക്കുന്നത് . എന്നും ജയിക്കാൻ വേണ്ടി നടത്തിപ്പോന്നത് പോലെ ഇത്തവണയും ഭരണത്തിലെ സകല സംവിധാനങ്ങളും ദുരുപയോഗം ചെയ്തു. വാർഡ് വിഭജനത്തിലും തെരഞ്ഞെടുപ്പു പ്രക്രിയയിലും സർവ്വ കൃത്രിമവും നടത്തി .

അതൊക്കെ മറി കടന്നും UDF റികോർഡ് വിജയം നേടിയിരിക്കുന്നു . അതിനർത്ഥം അടിത്തട്ടിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടായിരിക്കുന്നു എന്ന് തന്നെയാണ് .നൂറു ശതമാനം ല്ട്ഫ് അനുകൂലികളുള്ള വാർഡിൽ പോലും അവർ എങ്ങോട്ട് തിരിയും ആർക്കു വോട്ട് ചെയ്യും എന്ന് സിപിഎം-നു ഉറപ്പിക്കാനാവാത്ത വിധം അവരുടെ വോട്ട് ബാങ്ക്കൾ തകർന്നു പോയിരിക്കുന്നു .ഒഞ്ചിയം , ഏറാമല , പുറത്തൂര്‍ , തിരുവാലി തുടങ്ങിയ എണ്ണമറ്റ സ്ഥലങ്ങളില്‍ അത് വ്യക്തമായി കണ്ടു . സിപിഎം അതിന്റെ സ്വന്തം ഭൂമികളിൽ നിന്ന് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു . ഇനി ഉണങ്ങിക്കരിയുകയല്ലാതെ തളിർക്കാനാവില്ല സിപിഎം എന്ന ആ കടപുഴകിയ വൃക്ഷത്തിന് . ഇത് വെറും അട്ടിമറിയല്ല : ആശയപരമായ തകർച്ചയുടെ കൂടി ഫലമാണ്‌ സിപിഎം - നു സംഭവിച്ചിരിക്കുന്നത് .

പശ്ചിമബംഗാളിൽ സംഭവിച്ചതും ഇത് തന്നെയാണ് . അവിടെ മാവോയിസ്ടുകള്‍ ഉണ്ടായതു സിപിഎം - ന്റെ ഉള്ളിൽ നിന്നാണ് . മാർഗം പിഴച്ച CPM -ന്റെ ദേഹത്ത് നിന്ന് തന്നെ പൊട്ടി മുളച്ചുണ്ടായ അപകടകാരിയായ മറ്റൊന്ന് . ബംഗാളില്‍ ലോകസഭ, തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പ് എന്ന ക്രമത്തില്‍ തന്നെയായിരുന്നു സിപിഎം - ന്റെ തകർച്ച . ജനവിരുദ്ധ ആശയമായ കമ്മ്യൂണിസത്തോട് ഇനിയൊരു ഒത്തുതീർപ്പു സാധ്യമല്ലെന്ന ജനങ്ങളുടെ ഉറച്ച പ്രക്യാപനമാണ് , ബംഗാളില്‍ മമതയും കോണ്‍ഗ്രസ്സും ചേർന്ന മുന്നേറ്റത്തിലൂടെയും കേരളത്തില്‍ UDF - ന്റെ അത്യുജ്വല വിജയത്തിലൂടെയും പുറത്തു വന്നിരിക്കുന്നത് . കേരള സമൂഹത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ പ്രകടമായത് .

യഥാർത്തത്തിൽ ഈ സിപിഎം ആയിരുന്നു കേരളത്തിന്റെ ശാപം . ഭരണത്തിലിരിക്കുമ്പോൾ കുറെ " ഉട്ടോപ്യൻ " ആശയങ്ങള്‍ പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുക .പ്രതിപക്ഷത്താകു മ്പോൾ അക്രമവും മുഷ്ക്കും കാട്ടി ഒന്നും ചെയ്യാൻ അനുവദിക്കാതിരിക്കുക . ഇതായിരുന്നു എന്നും കേരളത്തിന്റെ പ്രശ്നം . ആ ദുരവസ്തക്കാണ്‍ ഇപ്പോൾ മാറ്റം വന്നിരിക്കുന്നത് . അത്തരം ഒരു സാഹചര്യം ഇനി തിരിച്ചു വരാതിരിക്കുവാനുള്ള " ചികിത്സയാണ് " പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ നടന്നത് .

കേരളത്തിന്റെ ഭാസുരമായ ഭാവിക്കുവേണ്ടിയുള്ള എല്ലാ പരിഷ്കരണങ്ങളെയും സിപിഎം എതിർത്തിട്ടേയുള്ളു . ആധുനികവല്‍കരണത്തെ പരാജയപ്പെടുത്താൻ സമര മാർഗം അവലംബിക്കുകയായിരുന്നു ആ രാഷ്ട്രീയ യാഥാസ്ഥിതികന്മാർ . ഇതു ആധുനിക സംരംഭത്തെയും അതാതു സമയങ്ങളിൽ കോലാഹലത്തോടെ എതിർത്ത് കേരളത്തിന്‌ വമ്പിച്ച അവസര നഷ്ടങ്ങളുണ്ടാക്കി . അതെ സമയം അവര്‍ സ്വന്തം നിലപാടിൽ ഉറച്ചു നിന്നതുമില്ല . അവർക്കാവശ്യം വന്നപ്പോൾ ആ പരിഷ്കരങ്ങളെയൊക്കെ ന്യായീകരിച്ചു . കാർഷിക രംഗത്തെ യന്ത്രവല്‍ക്കരണത്തെയും പുതിയ കൃഷി പരീക്ഷണങ്ങളെയും കമ്പ്യൂട്ടർ വല്ക്കരണത്തെയും എതിർത്ത കമ്മ്യൂണിസ്റ്റ്‌ പിന്തിരിപ്പന്മാർ ഒരിക്കലും കേരളത്തെ രക്ഷപെടാൻ അനുവദിച്ചിട്ടില്ല . കേരളത്തിന്റെ സർവകലാശാല ക്യാമ്പസുകൾ ലോകോത്തര നിലവാരം പുലർത്തേണ്ടതായിരുന്നു .

പക്ഷെ , എല്ലാറ്റിലും രാഷ്ട്രീയ മുതലെടുപ്പ് എന്ന ഇടതുപക്ഷ ചിന്താഗതി അകാദമി രംഗത്തും ട്രേഡ് union വല്‍ക്കരണം നടപ്പാക്കി . അങ്ങനെ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി കൊടികളും മുദ്രവാക്യവും ഉപയോഗിച്ച് തടഞ്ഞു നിർത്തി . മികച്ച അകാഡമിക് സമൂഹം , ഉന്നത വിദ്യാഭ്യാസ നിലവാരം എന്ന സങ്ങല്പങ്ങളെ സർവകലാശാല കാമ്പസില്‍ നിന്ന് പടികടത്തി പകരം ട്രേഡ് union രാഷ്ട്രീയം കൊണ്ട് വന്നു ഇടതു പക്ഷം . പ്രതിഭകളും അകാദമിക് പന്ധിതന്മാരും നയിക്കേണ്ട സർവകലാശാല സെനറ്റിലും സിണ്ടിക്കേറ്റിലും ഇടതു യുനിയനുകളുടെ ധാർഷ്ട്യ മാണ് പുലരുന്നത് .

കുസാറ്റ് പോലെ അന്തർദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സാക്ഷരത യജഞം പോലെ ഖ്യാധി നേടിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്ന കേരളത്തിന്‌ അധോഗതിയുണ്ടായത് എങ്ങനെയെന്നു ചർച്ച ചെയ്യപ്പെടെണ്ടതുണ്ട് . മറ്റു വികസ്വര രാജ്യങ്ങളുടെ കാമ്പസുകൾ സാങ്കേതിക വിദഗ്ദ്ധരെ ഉല്പ്പാദിപ്പിച്ചു കൊണ്ടിരുന്നപ്പോൾ കേരളത്തിന്റെ ഭാവനാ സമ്പന്നരായ വിദ്യാർത്ഥികളെ രക്ഷപെടാൻ സമ്മതിക്കാതെ അക്രമ രാഷ്ട്രീയത്തിന്റെ തടവറയിലിടുകയായിരുന്നു സിപിഎം - ഉം പോഷക സംഘടനകളും . പ്രതിഭയും പ്രാപ്തിയും ഉള്ള പുതിയ തലമുറയ്ക്ക് മുന്നിലെ എല്ലാ മാർഗങ്ങളും അടച്ചിട്ടു .

പ്രഫഷണൽ കോളേജുകൾ അനുവദിക്കാതെ കുറേക്കാലം തടസ്സവാദങ്ങളുമായി നടന്നു . കർണാടകയും തമിഴ്നാടും യഥേഷ്ടം professional കോളേജുകൾ സ്ഥാപിച്ചു . ഇവിടെ പാവങ്ങളുടെ പാർട്ടി എന്ന് പറയുന്നവർ പാവപ്പെട്ടവന്റെ മക്കളെ ഉന്നതവിദ്യാഭ്യാസത്തിനനുവദിക്കാതെ പതിറ്റാണ്ടുകൾ തടവറയിലിട്ടത് കേരളം കണ്ടു . ഉന്നത നിലവാരം ഉള്ള പ്രഫഷണൽ കോളേജുകൾ കേരളത്തിലുണ്ടാകുന്നത് തടയാൻ കഠിന പ്രയത്നം നടത്തിയ അച്ചുതാനന്ദനും അവരുടെ ബുദ്ധിജീവികളും ഭാവിതലമുറയോടു ചെയ്തത് കടുത്ത ക്രൂരതയാണ് . ഉന്നത വിദ്യാഭ്യാസത്തിനു സിപിഎം ഒരുക്കിയ തടവറ തകർക്കാൻ 2001 - ൽ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഞങ്ങൾ ധൃഢ നിശ്ചയം ചെയ്തു. അങ്ങനെയാണ് സ്വാശ്രയ സ്ഥാപനങ്ങൾ അനുവദിക്കാൻ UDF തീരുമാനിച്ചത് . സാധിക്കുന്നവർ സ്വാശ്രയ സ്ഥാപനം കൊണ്ട് നടക്കട്ടെ . പക്ഷെ അതിന്റെ പകുതി ഗുണം പഠിക്കുന്ന കുട്ടികൾക്ക് , പാവപ്പെട്ടവരുടെ മക്കൾക്ക് കിട്ടണം . സർക്കാർ തലത്തിൽ അഴിമതിക്കിടയക്കുന്നത് എൻ. ഒ. സി . ആണ് . UDF എല്ലാവർക്കും എൻ. ഒ. സി . കൊടുത്തു . അർഹതയുള്ളത് അതിജീവിക്കും എന്ന തത്വമാണ് അക്കാര്യത്തിൽ ഞങ്ങളെടുത്തത് . വലിയ സാമൂഹിക മാറ്റങ്ങൾക്കു കളമൊരുക്കുന്ന ഈ വിപ്ലവതിനെതിരെയും കല്ലേറും വെടിവെയ്പും ഉണ്ടാക്കി ഇടതു പക്ഷം മുന്നോട്ടു വന്നു . ആ കല്ലേറുകൾക്കും തീയിലിട്ടു ച്ചുടലിനുമിടയിലൂടെയാണ് സ്വാശ്രയ പ്രസ്ഥാനം വളർന്നു വന്നത് . ഇത് കേരളത്തിൽ പ്രൊഫഷണൽ വിദ്യാഭ്യാസം സാർവത്രികമാക്കാൻ ഇറങ്ങി പുറപ്പെട്ട കാലത്തെ കഥ . പക്ഷെ, ഇന്നോ ? അവര്‍ മുതലാളിമാരുടെ ആളുകളായിരിക്കുന്നു . ബേബിയും കൂട്ടരും സ്വാശ്രയക്കാരുടെ ഉറ്റ മിത്രങ്ങളാണ് . ലാഭം കൊയ്യാൻ എന്തൊക്കെ വഴിയുണ്ടോ അതെല്ലാം ഒരുക്കി കൊടുക്കുക എന്നതാണ് ഇന്നത്തെ മുദ്രവാഖ്യം . പക്ഷെ UDF ചെയ്തത് "സ്ഥാപനം നിലനിൽക്കണം , സാധാരണക്കാരുടെ കുട്ടികൾക്ക് ഗുണം വേണം " എന്ന ലക്ഷ്യവുമായി 50 : 50 എന്ന നയം നടപ്പാക്കുകയായിരുന്നു . ആ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ വളർന്നു വന്ന പ്രോഫ്ഫെഷനലുകളുൾപ്പെടെയുള്ള ലക്ഷക്കണക്കിന്‌ യുവാക്കൾക്ക് കേരളത്തിൽ തന്നെ ജീവിക്കാനും ജോലി ചെയ്യാനും ഉള്ള അവസരങ്ങളിൽ , മുഖ്യ സ്രോതസ്രായിരുന്നു സ്മാര്‍ട്ട്‌ സിറ്റി . പത്ത് ഏക്കർ ഭൂമിയുടെ തർക്കമുണ്ടാക്കി അച്യുതാനന്ദൻസർക്കാർ അതും തുലച്ചു കളഞ്ഞു . സ്മാര്‍ട്ട്‌ സിറ്റിയെ ആട്ടിയകറ്റിയ ഭൂമി ഇപ്പോൾ കെ . എസ് . ഇ . ബി . യുടെ ഗോഡൗൺ ആക്കുകയാണ് . ഇത്തരം ഭരണാധികാരികളുടെ ഭാവനാവിലാസത്തിനു മുന്നിൽ നമോവാകം അർപ്പിക്കുകയല്ലാതെ എന്ത് ചെയ്യാൻ ? നോക്കുകൂലിയോ പിടിച്ചു പറിയോ എന്ത് വേണമെങ്കിലും നടത്താൻ സ്മാര്‍ട്ട്‌ സിറ്റികൾ ഇല്ലാതാകുകയാണല്ലോ വേണ്ടത്

ഇതെല്ലാം തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന ഒരു സമൂഹം ഇവിടെ വളർന്നു വന്നിരിക്കുന്നു . അത് പക്ഷെ കമ്മ്യൂണിസ്റ്റ്‌കൾ അറിയുന്നില്ല . നാല്‍പതു വയസ്സിൽതാഴെയുള്ള അഭ്യസ്ത വിദ്യരും അസംഘടിതരുമായ ജന വിഭാഗം . അവരുടെ അവസരമാണ് കമ്മ്യൂണിസ്റ്റ്‌ ധ്രാഷ്ട്യവുമായി നടക്കുന്ന മെച്ചപ്പെട്ട ശംബളമുള്ളവരും, പെൻഷൻ പറ്റിയവരും എല്ലാം കളഞ്ഞു കുളിക്കുന്നത് . അതിനെതിരായ പ്രതികരണമാണ് സിപിഎം -ന്റെ അടിത്തറ ഇളക്കിയത് . വളർന്നു വരുന്ന യുവതലമുറക്ക്‌ കമ്മ്യൂണിസ്റ്റ്‌ പഴമ്പുരാണം കേട്ടിരിക്കാൻ നേരമില്ല . സിന്ദാബാദ് കൊണ്ട് ഉപജീവനം കഴിക്കുന്നവരല്ല അവർ. സാന്റിയാഗോമാർട്ടിൻമാരുടെ തോളിൽ കയ്യിട്ടു നടക്കുന്ന കുംഭ കുഭേരന്മാരായ കമ്മ്യൂണിസ്റ്റ്‌ നേതാക്കളാണ് വയറൊട്ടിയ പാവങ്ങളോട് ആദർശം പറയുന്നത് . ഇത് കേരളീയർക്ക് മനസ്സിലാകും .

തൊഴിലാളി വർഗ്ഗത്തിന്റെ പേര് പറഞ്ഞവർ മുതലാളി വർഗം ആയതോടെ ആ പ്രത്യയ ശാസ്ത്രം കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു . അതുകൊണ്ട് തന്നെ കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിൽ കമ്മ്യൂണിസത്തിനു നിലനില്പില്ല. ജനവിരുദ്ധ പ്രത്യയ ശാസ്ത്രത്തെ പ്രബുദ്ധ കേരളം പോറുപ്പിക്കുകയുമില്ല

Share

0 COMMENTS
POST A COMMENT

Name
Email
Press ctrl+g to toggle between English and Malayalam.© 2010 - 2011 Nilapadu.com All Rights Reserved.
Best viewed on Chrome, FF and IE 7+