Font Problem
Download Font

ചേലേക്കാടന്‍ ആയിശ മുസ്‌ലിംലീഗ് നയത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍

കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് പ്രഖ്യാപിച്ചത് ചേലേക്കാടന്‍ ആയിശ എന്ന ഏറനാടന്‍ മുസ്‌ലിം വൃദ്ധയാണ്. 1991 ഏപ്രില്‍ 18ന്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ തിങ്ങിനിറഞ്ഞ അക്ഷരസ്‌നേഹികളായ ജനസഹസ്രങ്ങളെ സാക്ഷിയാക്കി സാക്ഷരതാ പ്രഖ്യാപനം നിര്‍വഹിക്കുമ്പോള്‍ അവര്‍ക്ക് എഴുപത് വയസ്സെങ്കിലും പ്രായം കാണും.

മലപ്പുറം കാവനൂര്‍ പഞ്ചായത്തില്‍ ഇരിവേറ്റി അംഗന്‍വാടിയിലെ സാക്ഷരതാ ക്ലാസില്‍നിന്ന് മലയാളം എഴുതാനും വായിക്കാനും അഭ്യസിച്ച്, നാലാംതരം പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് ചേലേക്കാടന്‍ ആയിശ ആ വേദിയിലെത്തിയത്. പിന്നീട് കേരള സര്‍ക്കാരിന്റെ 'സാക്ഷരതാ ബ്രാന്‍ഡ് അംബാസഡര്‍' ആയി അവര്‍ നിയോഗിക്കപ്പെട്ടു. രാഷ്ട്രപതിയുടെ പുരസ്‌കാരത്തിനര്‍ഹയായി. തുടര്‍ വിദ്യാഭ്യാസത്തിലൂടെ പൊതു പരീക്ഷകളുടെ കടമ്പകള്‍ കടന്നു. ഏഴാംതരവും പത്താംതരവും പ്ലസ്ടുവും പാസ്സാവാന്‍ സ്‌കൂളിന്റെ പടികയറാതെ ഈ വനിതക്ക് കഴിഞ്ഞു. ജീവിത പ്രാരാബ്ധങ്ങളും പ്രതിസന്ധികളും മറികടക്കാനുള്ള ദൈവസമ്മാനിതമായ ഇച്ഛാശക്തി തന്നെയായിരുന്നു ഈ 'ധീരത'ക്ക് പ്രധാനം. പ്ലസ്ടു പരീക്ഷക്ക് തയാറാകുമ്പോഴേക്ക് അവരുടെ പ്രായം തൊണ്ണൂറിനടുത്തെത്തിയിരുന്നു. ഈ വയസ്സില്‍ പഠിച്ചാല്‍ മനസ്സിലാകുമോ; ഇനി പഠിച്ചിട്ടെന്ത് പ്രയോജനം തുടങ്ങിയ സംശയങ്ങളുന്നയിച്ച് പിന്തിരിയാനല്ല, പരീക്ഷകളെ അഭിമുഖീകരിച്ച് വിജയംവരിക്കാനാണ് അവര്‍ തീരുമാനിച്ചത്.

ഒരു പെണ്ണെന്ന പരിമിതിയും പ്രായത്തിന്റെ പരിമിതിയും പറഞ്ഞ് അടങ്ങിയിരിക്കുകയല്ല തനിക്കിത് സാധ്യമാണ് എന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നിട്ടിറങ്ങുകയായിരുന്നു. അതുകൊണ്ട് ചേലക്കോടന്‍ ആയിശ രാഷ്ട്രത്തിന്റെതന്നെ ശ്രദ്ധാകേന്ദ്രമായി. അവരുടെ മരണവാര്‍ത്ത ഒന്നാംപേജിലാണ് പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ചേലക്കോടന്‍ ആയിശ എന്നുകേട്ടാല്‍ കേരളത്തിന്റെ ഏത് കോണിലുമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍തൊട്ട് ഭരണാധികാരികള്‍വരെ അറിയുമെന്ന നിലവന്നു. ഇതാണ് വ്യക്തിപ്രഭാവം. അല്ലാഹു നല്‍കിയ അനുഗ്രഹത്തെ യഥാവിധി പ്രയോജനപ്പെടുത്തുന്നതിന്റെ ഫലം.

കേരളത്തിന്റെ ശ്രേയസ്സായ ആ മഹിളാരത്‌നത്തെ മുന്‍നിര്‍ത്തി അഭിമാനകരമായ ചില ചിന്തകള്‍ പങ്കുവെക്കുകയാണിവിടെ. 1990ല്‍ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം ആരംഭിക്കുമ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് ഇടത് സര്‍ക്കാറാണ്. പക്ഷേ സാക്ഷരതാ യജ്ഞത്തിന്റെ സമ്പൂര്‍ണ്ണ വിജയത്തിന് അന്ന് മുന്നിട്ടിറങ്ങിയത് പ്രതിപക്ഷത്തുള്ള മുസ്‌ലിംലീഗും. മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ തടസ്സങ്ങളൊന്നുമില്ലാതെ സാക്ഷരതാ പ്രവര്‍ത്തനം മുന്നേറി. പഞ്ചായത്തുകള്‍ ബഹുഭൂരിഭാഗവും യു.ഡി.എഫ് - മുസ്‌ലിംലീഗ് ഭരണത്തിലാണ്.

മലപ്പുറം ജില്ലയില്‍ മറ്റേത് ജനകീയ സംരംഭവുംപോലെ സാക്ഷരതാ യജ്ഞത്തിന്റെ പ്രാരംഭം കുറിക്കുവാനും പ്രവര്‍ത്തകര്‍ പാണക്കാട് കൊടപ്പനക്കല്‍ വീട്ടിലെത്തി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അളവറ്റ സന്തോഷത്തോടെ പ്രവര്‍ത്തകരെ വരവേറ്റു. 'കേരളം സമ്പൂര്‍ണ സാക്ഷരതയിലേക്ക്' എന്ന മുദ്രാവാക്യത്തിന്റെ മാതൃകാസ്ഥാനമാകാന്‍ മലപ്പുറം ജില്ലക്ക് കഴിയണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. കേരളം ഈ ദൗത്യം പ്രാണവായുപോലെ ഏറ്റെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു. അക്ഷരാഭ്യാസം മാത്രമാണ് പുരോഗതിക്കുള്ള പോംവഴി എന്ന അഭ്യര്‍ത്ഥനയെ സമൂഹം ശിരസ്സാവഹിച്ചു.

സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ബോധവല്‍ക്കരണ യജ്ഞങ്ങള്‍ പലതും ഉദ്യോഗസ്ഥരുടെ ഏര്‍പ്പാടായും ഫണ്ട് പറ്റുന്ന ഏജന്‍സികള്‍ക്കുള്ള പദ്ധതിയായും ഭരണകക്ഷിയുടെ 'രാഷ്ട്രീയ പ്രചാരണ' തന്ത്രമായും വ്യാഖ്യാനിച്ച് പരാജയപ്പെട്ട ചരിത്രം യഥേഷ്ടമുള്ളിടത്താണ് സാക്ഷരതാ യജ്ഞത്തിന്റെ മുഖം പ്രകാശനിര്‍ഭരമാകുന്നത്. ശിഹാബ് തങ്ങളുടെ ആഹ്വാനവും മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ ഊര്‍ജ്ജസ്വലതയും സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ ജില്ലയായി മലപ്പുറത്തെ മാറ്റി. മുഖ്യമന്ത്രി നായനാര്‍ പ്രത്യേകമായി അഭിനന്ദിച്ചു.

വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യത്തില്‍ കക്ഷിരാഷ്ട്രീയം നോക്കേണ്ടതില്ല എന്ന കര്‍ക്കശമായ നിലപാടിന്റെ വിജയംകൂടിയായിരുന്നു ഇത്. സര്‍ക്കാരുമായി പ്രതിപക്ഷം കൈ മെയ് മറന്ന് സഹകരിച്ചതിന്റെ നേട്ടം. മുസ്‌ലിംലീഗ് ഭരിക്കുന്ന കാവനൂര്‍ പഞ്ചായത്തില്‍നിന്നാണ് കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രതീകമായ ആയിശ എന്ന നവസാക്ഷര വനിത ഉയര്‍ന്നുവന്നത്. രാജ്യത്തിനുവേണ്ടി നടപ്പാക്കുന്ന പദ്ധതികളില്‍ രാജ്യക്കാരെല്ലാം ഒന്നായി നില്‍ക്കണമെന്ന ഹൃദയ വിശാലതയുടെ പ്രതിഫലനമായിരുന്നു അത്. സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ മുസ്‌ലിംലീഗിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഉദാഹരണം.

കെ.എം സീതിസാഹിബും സി.എച്ച് മുഹമ്മദ്‌കോയയും മുതല്‍ ഇന്നുവരെയുള്ള മുസ്‌ലിംലീഗിന്റെ ജനപ്രതിനിധികള്‍ ഭരണാധികാരത്തെ ഉപയോഗപ്പെടുത്തിയത് നാടിന് മുഴുവന്‍ അഭിമാനിക്കാവുന്ന ഈ നേട്ടങ്ങള്‍ക്കുവേണ്ടിയാണ്. പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെയും പിന്നാക്ക പ്രദേശങ്ങളെയും കൈപിടിച്ചുയര്‍ത്താന്‍ മുസ്‌ലിംലീഗ് കൂടുതല്‍ ശ്രദ്ധകാണിച്ചുവെന്നത് നേരാണ്. പക്ഷേ അത് ഇന്ത്യന്‍ ഭരണഘടന വിഭാവനചെയ്യുന്ന സമത്വത്തിലേക്കും തുല്യാവകാശങ്ങളിലേക്കുമുള്ള ചുവടുവെയ്പായിരുന്നു.

അനര്‍ഹമായത് തട്ടിയെടുക്കുകയല്ല, വാഗ്ദാനം ചെയ്യപ്പെട്ടതില്‍നിന്ന് അല്‍പമെങ്കിലും നിര്‍ധനരും നിരക്ഷരരുമായ പിന്നാക്ക ജനതക്കുനേടി കൊടുക്കുകയായിരുന്നു. 'പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക' എന്നതായിരിക്കണം വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയമെന്ന് ഉദ്‌ബോധിപ്പിച്ച സി.എച്ചിന്റെ തത്വശാസ്ത്രമാണത്. കലാലയ വിദ്യാഭ്യാസം സ്വപ്‌നം മാത്രമായിരുന്ന ഒരു ജനതയുടെ മധ്യത്തില്‍ ഫാറൂഖ് കോളജ് സ്ഥാപിച്ച സീതിസാഹിബിന്റെ ദീര്‍ഘവീക്ഷണം.

അതുകൊണ്ടാണ് ഐക്യ കേരളത്തില്‍ ഏറ്റവുമധികം സര്‍വകലാശാലകള്‍ സ്ഥാപിച്ച വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രസ്ഥാനമായി മുസ്‌ലിംലീഗ് മാറിയത്. കേരള വികസനത്തിന്റെ ചാലകശക്തിയായി നിലകൊള്ളുന്ന പ്രസ്ഥാനമാണിതെന്ന് അഭിമാനപൂര്‍വം പറയാന്‍ കഴിയും. ഭാവി കേരളത്തെ മുന്നില്‍ കണ്ടുള്ള പദ്ധതികളാവിഷ്‌കരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് ഐക്യമുന്നണി സര്‍ക്കാരും മുസ്‌ലിംലീഗ് മന്ത്രിമാരും പ്രവര്‍ത്തിക്കുന്നത്. വിവേചനപരമായ രാഷ്ട്രീയ സമീപനം ഭരണകാര്യങ്ങളില്‍ മുസ്‌ലിംലീഗ് ഒരിക്കലും സ്വീകരിച്ചിട്ടില്ല.

ദേശീയോദ്ഗ്രഥനം സാധ്യമാകാന്‍ എല്ലാ ജനവിഭാഗങ്ങളും ഒരേപോലെ പുരോഗതി പ്രാപിക്കണമെന്ന പൊതു തത്വത്തിലൂന്നിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്നിട്ടും മുസ്‌ലിംലീഗിന് രാഷ്ട്രീയമായും ഭരണപരമായുമുണ്ടാകുന്ന നേട്ടങ്ങളെ അസഹിഷ്ണുതയോടെ വിമര്‍ശിക്കുന്ന ചിലരുണ്ട്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സമൂഹത്തിലാണ് വികസനം ത്വരിതഗതി പ്രാപിക്കുക. നാട്ടില്‍ രാഷ്ട്രീയ, സാമുദായിക സംഘര്‍ഷങ്ങള്‍ നിറഞ്ഞാല്‍ സര്‍വ പുരോഗതിയും തടസ്സപ്പെടും.

കേരള വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ സമാധാനാന്തരീക്ഷത്തിനും മുസ്‌ലിംലീഗ് നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ല. ഭാവി ചരിത്രം അത് രേഖപ്പെടുത്തുകതന്നെ ചെയ്യും. വര്‍ഗീയതക്കും തീവ്രവാദത്തിനും ശക്തിയാര്‍ജിക്കാന്‍ കഴിയാത്ത ഭൂമിയായി കേരളം നിലനില്‍ക്കുന്നതില്‍ രാഷ്ട്രീയ പ്രബുദ്ധതയുടെ സ്വാധീനമുണ്ട്. അതാണ് മുസ്‌ലിംലീഗ് പ്രഥമമായി സ്ഥാപിച്ചെടുത്തത്. അതിനൊപ്പം വിദ്യാഭ്യാസ പ്രചാരണവും.

'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന ഭരണഘടനാ തത്വത്തെ സംഘടനാ ലക്ഷ്യമായികണ്ട് പ്രയത്‌നിച്ച മുസ്‌ലിംലീഗ്, സാമ്പത്തിക പ്രയാസം പഠനത്തെ ബാധിക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തി. സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കിയതും ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം സാര്‍വത്രികമാക്കിയതും വിവര സാങ്കേതിക വിദ്യയില്‍ കേരളം ഒന്നാംസ്ഥാനത്തെത്തിയതും മുസ്‌ലിംലീഗ് മന്ത്രിമാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴാണ്.

നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി നന്മ ഉദ്ദേശിച്ച് ആത്മാര്‍ത്ഥതയോടെ ആര്, എന്ത് പദ്ധതി കൊണ്ടുവന്നാലും രാഷ്ട്രീയ നിറം നോക്കാതെ മുസ്‌ലിംലീഗ് കൂടെയുണ്ടാകും. വിദ്യാഭ്യാസമുള്ള അണികളാല്‍ സമ്പന്നമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അചഞ്ചലമായ തീരുമാനമാണത്.

വനിതാ വിദ്യാഭ്യാസ പ്രോത്സാഹനം മുസ്‌ലിംലീഗിന്റെ നയപരിപാടികളിലൊന്നാണ്. സമ്പൂര്‍ണ വിദ്യാഭ്യാസത്തിന്റെ ദീപശിഖയാണ് മുസ്‌ലിംലീഗ് കയ്യിലേന്തിയിട്ടുള്ളത്. ആ പാതയിലെ അഭിമാന നക്ഷത്രമായിരുന്നു ചേലക്കോടന്‍ ആയിശ. 'സാക്ഷരത'യുടെ മാത്രമല്ല; മുസ്‌ലിംലീഗിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളുടെയും ബ്രാന്‍ഡ് അമ്പാസഡര്‍ ചേലക്കോടന്‍ ആയിശ...

Share

0 COMMENTS
POST A COMMENT

Name
Email
Press ctrl+g to toggle between English and Malayalam.© 2010 - 2011 Nilapadu.com All Rights Reserved.
Best viewed on Chrome, FF and IE 7+