Font Problem
Download Font

വിവാദ വ്യവസായം കേരളത്തെ വളര്‍ത്തില്ല

കേരള രാഷ്ട്രീയത്തിനും ജനാധിപത്യ മതേതര വ്യവസ്ഥിതിക്കും മുസ്‌ലിംലീഗ് നല്‍കിയ സംഭാവനകള്‍ നിഷ്‌കരുണം മറന്നുകൊണ്ടാണ് തീര്‍ത്തും തെറ്റായ ചില മുദ്രകള്‍ പാര്‍ട്ടിക്കുമേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ അചഞ്ചലമായ മതേതരവീക്ഷണവും മത മൈത്രിക്കുവേണ്ടി നടത്തിയ നിരന്തരപോരാട്ടങ്ങളും ഈ വിവാദത്തിനിടെ വിസ്മരിക്കപ്പെട്ടത് ഖേദകരമാണ്

കേരള രാഷ്ട്രീയം വിവാദവ്യവസായത്തിന്റെ ഉത്പാദന കേന്ദ്രമായിരിക്കയാണ്. സമൂഹത്തിന്റെ രാഷ്ട്രനിര്‍മാണ ശേഷിയെ പോഷിപ്പിക്കുന്ന ചര്‍ച്ചകള്‍ക്കുപകരം ഭിന്നതയുടെ വിത്ത് വിതയ്ക്കുന്നതിലായിരിക്കുന്നു താത്പര്യമേറെയും. ഒരു രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തേണ്ട വര്‍ത്തമാന സന്ദര്‍ഭങ്ങളെ വിവാദങ്ങളില്‍ തളച്ചിടുന്നത് അനേക തലമുറകളെ ബാധിക്കുന്ന ഗുരുതര ഭവിഷ്യത്തുകളാണ് ക്ഷണിച്ചുവരുത്തുക.

രാഷ്ട്രീയ നേതൃത്വമായാലും മീഡിയകളായാലും ജനാധിപത്യത്തിന്റെ മറ്റേത് ഘടകങ്ങളായാലും ഇതില്‍ ഉത്തരവാദപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നെ രാജ്യക്ഷേമമില്ല. വ്യക്തികളുടെ താന്‍പോരിമകള്‍ മാത്രമേ ബാക്കിയാവൂ. യു.ഡി.എഫ്. മന്ത്രിസഭയുടെ സ്വാഭാവികമായ ഒരു പുനഃക്രമീകരണത്തെ കനത്ത ചൂടും പുകയുമുള്ള വിഷയമാക്കി പരിവര്‍ത്തിപ്പിച്ചതുതന്നെ ഇതിനുദാഹരണമാണ്. വിവാദങ്ങളുടെ ബാക്കിപത്രം എന്താണ്?. പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ മാത്രം. അതുണ്ടാക്കുന്ന ദൂരവ്യാപകമായ അകല്‍ച്ചകളും. ഇത്തവണത്തെ ചര്‍ച്ചയില്‍ ബോധപൂര്‍വമായും അല്ലാതെയും മുസ്‌ലിംലീഗ് ഒരു ഘടകമായി. കേരള രാഷ്ട്രീയത്തില്‍ ഇത് അഭൂതപൂര്‍വമാണ്. മുന്നണിബന്ധങ്ങളും അധികാരവിഭജനവും സംബന്ധിച്ച തര്‍ക്കങ്ങളില്‍ മാധ്യസ്ഥറോളിലല്ലാതെ ഒരു കക്ഷിയായി മുസ്‌ലിംലീഗ് പ്രത്യക്ഷപ്പെടാറില്ല. ദൗര്‍ഭാഗ്യവശാല്‍ ഇത്തവണ പതിവിന് വിരുദ്ധമായി മുസ്‌ലിംലീഗ് ഈ വിധം ഒരു ചര്‍ച്ചയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. അതിനു കാരണങ്ങള്‍ പലതാണ്. അതൊന്നും പുനഃപരിശോധനയ്‌ക്കെടുക്കാനല്ല ഈ കുറിപ്പ്.

പക്ഷേ, കേരള രാഷ്ട്രീയത്തിനും ജനാധിപത്യ മതേതര വ്യവസ്ഥിതിക്കും മുസ്‌ലിംലീഗ് നല്‍കിയ സംഭാവനകള്‍ നിഷ്‌കരുണം മറന്നുകൊണ്ടാണ് തീര്‍ത്തും തെറ്റായ ചില മുദ്രകള്‍ പാര്‍ട്ടിക്കുമേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ അചഞ്ചലമായ മതേതരവീക്ഷണവും മതമൈത്രിക്കുവേണ്ടി നടത്തിയ നിരന്തരപോരാട്ടങ്ങളും ഈ വിവാദത്തിനിടെ വിസ്മരിക്കപ്പെട്ടത് ഖേദകരമാണ്. അധികാരവും പദവികളും നേടിയെടുക്കാന്‍ വര്‍ഗീയ, വിഭാഗീയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ച ഒരു സന്ദര്‍ഭവും മുസ്‌ലിംലീഗിന്റെ ഇതഃപര്യന്തമുള്ള ചരിത്രത്തിലില്ല.

മത സൗഹാര്‍ദത്തിന് പോറലേല്പിക്കുന്ന ഏത് നീക്കത്തെയും മുസ്‌ലിംലീഗ് ചെറുത്ത് തോല്പിച്ചിട്ടുണ്ട്. മറ്റെന്താരോപിച്ചാലും മുസ്‌ലിംലീഗിനുമേല്‍ വര്‍ഗീയമുദ്ര ചാര്‍ത്താന്‍ ആര്‍ക്കുമാവില്ല. സമൂഹത്തില്‍ വര്‍ഗീയ വിഭജനത്തിന്റെ വിഷക്കാറ്റ് പടരാതിരിക്കാന്‍ പ്രതിരോധംതീര്‍ത്ത മുസ്‌ലിംലീഗിനെ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും പ്രകീര്‍ത്തിച്ചിട്ടുണ്ട്. സാംസ്‌കാരിക നായകരും ദേശീയമാധ്യമങ്ങളും രാജ്യത്തിന്റെ ഭരണനേതൃത്വവുമെല്ലാം മതമൈത്രിക്കും മതേതരത്വത്തിനുമായി മുസ്‌ലിംലീഗ് നടത്തിയ പരിശ്രമങ്ങളെ അംഗീകരിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംലീഗ് അതീജാഗ്രതപുലര്‍ത്തി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയം തന്നെ എടുക്കുക. പ്രതിഷേധം ജ്വലിച്ചു നില്‍ക്കുകയാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒന്നു ചാഞ്ഞു നിന്നിരുന്നെങ്കില്‍ ഇന്നത്തെ കേരളം മറ്റൊന്നാകുമായിരുന്നു. സാമുദായിക വൈരത്തിന്റെ തീ പടരാന്‍ സാഹചര്യങ്ങളേറെയുണ്ടായിട്ടും കേരളം ശാന്തമായി നിന്നു, രാജ്യത്തിന് മാതൃക കാണിച്ചു. ഇതിനു പ്രചോദകമായ ഘടകങ്ങള്‍ പരിശോധിച്ചാലറിയാം സമാധാന സംസ്ഥാപനത്തിന് മുസ്‌ലിംലീഗ് അര്‍പ്പിച്ച അനര്‍ഘസംഭാവനകള്‍.

സി.എച്ച്. മുഹമ്മദ് കോയയുടെ പ്രസംഗങ്ങള്‍ ഇന്നും കര്‍ണപുടങ്ങളില്‍ വന്നലയ്ക്കുന്നു. ''നാം ഒരേ ഭാഷ സംസാരിക്കുന്നു. ഒരേ ഭക്ഷണം കഴിക്കുന്നു. ഒരേ വേഷം ധരിക്കുന്നു. സിരകളില്‍ ഒരേ നിറമുള്ള രക്തമൊഴുകുന്നു. എവിടെയാണ് നമ്മള്‍ തമ്മില്‍ വ്യത്യാസം?'' ജനക്കൂട്ടത്തിലേക്ക് ചോദ്യമെറിയുന്നു അദ്ദേഹം. ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന മുദ്രാവാക്യം വിളിപ്പിക്കുന്നു.

മുസ്‌ലിംലീഗിന്റെ എക്കാലത്തെയും ചരിത്രം ഇതാണ്. മത സൗഹാര്‍ദത്തിനും മതേതരത്വത്തിനുമായി സന്ധിയില്ലാതെ പൊരുതിയ അധ്യായങ്ങള്‍. ജാതി- മത നിറംനോക്കി ആര്‍ക്കെങ്കിലുമെതിരെ അധികാരം ദുരുപയോഗിച്ചു എന്ന ആക്ഷേപം ഇന്നോളം മുസ്‌ലിംലീഗിനെതിരിലുയര്‍ന്നിട്ടില്ല. മുസ്‌ലിംലീഗ് മന്ത്രിമാര്‍ കൈകാര്യംചെയ്ത വകുപ്പുകളുടെ പരിധിയില്‍ നിന്ന് ഒരു ദ്രോഹ നടപടിയും ആര്‍ക്കുമെതിരിലുമുണ്ടായിട്ടുമില്ല. ഭരണാധികാരികള്‍ നീതിനിഷേധിക്കുമ്പോള്‍ മുസ്‌ലിംലീഗ് ശബ്ദമുയര്‍ത്തും. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ സ്വരം. അത് സംഘടനാ ദൗത്യമാണ്.

എല്ലാവരോടും നീതികാണിക്കണമെന്ന് യു.ഡി.എഫില്‍ എപ്പോഴും വാദിക്കുന്ന കക്ഷിയാണ് മുസ്‌ലിംലീഗ്. സംഘടനയുടെ ഈ പാരമ്പര്യ സമീപനരീതികള്‍ എക്കാലവും തുടരുക തന്നെ ചെയ്യും. മുന്നണിക്കകത്ത് അസ്വാരസ്യങ്ങളും തര്‍ക്കങ്ങളുമുണ്ടാകുമ്പോള്‍ ഒരു തീര്‍പ്പുണ്ടാകണമെന്ന നിശ്ചയത്തോടെ, എല്ലാവരും യോജിച്ചു പോകണമെന്ന അഭിലാഷത്തോടെ ഇടപെടുന്നതാണ് മുസ്‌ലിംലീഗിന്റെ വേഷം. ഒത്തുതീര്‍പ്പുകള്‍ക്കു മുന്‍കൈ എടുക്കുന്ന ആ സമീപനമാണ് മുസ്‌ലിംലീഗ് തുടരുക. മധ്യസ്ഥനാകുമ്പോള്‍ അപ്പക്കഷ്ണം വലിയത് എടുക്കാമെന്ന് മുസ്‌ലിംലീഗ് ഒരിക്കലും കരുതിയിട്ടില്ല.

പുതിയ സംഭവവികാസങ്ങളുടെ ഉത്ഭവവും ആരംഭ ഘട്ടത്തില്‍ മുസ്‌ലിംലീഗ് കൈക്കൊണ്ട വിട്ടുവീഴ്ചയില്‍ നിന്നാണ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ മുന്നണിയാണ്. അനിശ്ചിതത്വം ഒഴിവാക്കി സര്‍ക്കാര്‍ രൂപവത്കരണം ആദ്യം നടക്കട്ടെ, അഞ്ചാമത്തെ പദവി സംബന്ധിച്ച തീരുമാനം പിന്നീടാകാമെന്ന് മുസ്‌ലിംലീഗ് നിലപാടെടുത്തു. മറ്റു പദവികള്‍ നല്‍കിക്കഴിഞ്ഞപ്പോള്‍ മന്ത്രിസ്ഥാനമല്ലാതെ ഒന്നും ഇല്ലെന്നായി. ഉപതിരഞ്ഞെടുപ്പു കൂടി കഴിഞ്ഞതോടെ ഉചിതമായ അവധി പറയാനുമില്ല. സ്വാഭാവികമായും അതൊരു അഭിമാനപ്രശ്‌നമായി വളര്‍ന്നു. രാഷ്ട്രീയ വിവാദങ്ങളുടെ 'ബോംബ്' ആയി പലരും ചേര്‍ന്ന് അത് വികസിപ്പിച്ചു. അങ്ങനെയൊരു ദുര്യോഗം ഈ വിഷയത്തിലുണ്ടായതില്‍ വിഷമവും ഖേദവുമുണ്ട്. കോണ്‍ഗ്രസ്സോ മുസ്‌ലിംലീഗോ ബോധപൂര്‍വം ഒന്നും ചെയ്തതല്ല. പ്രശ്‌നത്തിന്റെ മൂര്‍ധന്യം ഇങ്ങനെയൊക്കെയായെന്ന് മാത്രം. അതുണ്ടാക്കിയ പരിക്കുകളും മുറിവുകളും വേഗം ശമിക്കട്ടെ.
എല്ലാം തത്സമയ വികാരപ്രകടനങ്ങളായിരുന്നുവെന്ന് കരുതി നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ പരസ്പരം ക്ഷമിച്ചും പൊറുത്തും യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകണം. മുന്നണിയുടെ കെട്ടുറപ്പിനും വിജയത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് കിരാതവാഴ്ചയ്‌ക്കെതിരെ ജീവന്‍ പണയപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും സി.പി.എമ്മിന്റെ ആക്രമണപരമ്പരകള്‍ക്ക് മുസ്‌ലിംലീഗ് വിധേയമായി. യു.ഡി.എഫിന്റെ വിജയത്തിനുവേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിക്കുന്നതാണ് അവരുടെ പ്രകോപനത്തിനു കാരണം. ഇത്തരം മണ്ഡലങ്ങളിലധികവും യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളല്ല എന്നതും ശ്രദ്ധിക്കണം. മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ ഭയക്കാതെ രണ്ടും കല്പിച്ചിറങ്ങുന്നത് മുസ്‌ലിംലീഗിന്റെ വ്യക്തിപരമായ നേട്ടത്തിനല്ല. കണ്ണൂര്‍ തന്നെ ഉദാഹരണം. കെ. സുധാകരനെയും മുസ്‌ലിംലീഗ് നേതാക്കളെയും അവിടെ ലീഗ് പ്രവര്‍ത്തകര്‍ വേര്‍തിരിച്ചു കണ്ടിട്ടില്ല. സംസ്ഥാനത്തെവിടെയും ഇതാണ് മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തന ശൈലി.

അത്രയും ദൃഢമായ സഹോദര സ്‌നേഹത്തില്‍ കഴിയുന്നതിനിടെയുണ്ടായ അഭിപ്രായ ഭിന്നതകളെ പല കേന്ദ്രങ്ങളും ചേര്‍ന്ന് വികസിപ്പിച്ചു. ഊഹങ്ങളെ അടിസ്ഥാനമാക്കി അഭിമാനക്ഷതം വരുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. അത് മനസ്സിനു മുറിവേല്പിച്ചപ്പോള്‍ അണികളില്‍ ചിലരില്‍ നിന്നു കടുത്ത പ്രതികരണങ്ങളുണ്ടായി എന്നത് നിഷേധിക്കുന്നില്ല. ഈ വിഷയത്തില്‍ തെറ്റായരീതികള്‍ അവലംബിച്ചവര്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടിയെടുത്തു. ചില പ്രകടനങ്ങള്‍, പ്രതികരണങ്ങള്‍ എല്ലാം ഈ നടപടിക്കു വിധേയമായി. അതെല്ലാം അടഞ്ഞ അധ്യായമാണ്. ഇനിയൊരു പുനഃപരിശോധന അര്‍ഹിക്കാത്തതും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്തതുമാണ്. പക്ഷേ, ഇതിന്റെ മറുവശം പതിയിരുന്ന അപകടമാണ് പലരും കാണാതെ പോയത്. രാഷ്ട്രീയ കക്ഷികള്‍ തമ്മിലെ തര്‍ക്കങ്ങള്‍ പറഞ്ഞുവലുതാക്കി സാമുദായിക ചേരിതിരിവ് സൃഷ്ടിക്കുകയാണ്. നാടിനോ സമൂഹത്തിനോ ഇത് ഭൂഷണമല്ല. യു.ഡി.എഫ്. കക്ഷികള്‍ തമ്മിലെ അഭിപ്രായഭിന്നത മീഡിയകള്‍ ഏറ്റെടുത്തപ്പോള്‍ അത് അസഹ്യവും ഭീഷണവുമായ രൂപം പ്രാപിച്ചു. മതവും ജാതിയും വേര്‍തിരിച്ചു മറകൂടാതെ വര്‍ഗീയത വിളിച്ചുപറയുന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായി. ഇത് സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. മലയാളികള്‍, കേരളീയര്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടുപോന്നവര്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ മാത്രമായി സംബോധന ചെയ്യപ്പെടുക എന്നത് നാടിന്റെ മതേതര വ്യവസ്ഥിതി നേരിടുന്ന മഹാദുരന്തമാണ്.

രാജ്യത്തെ പ്രബുദ്ധ സമൂഹമെന്നവകാശപ്പെടുന്നവര്‍ സമുദായത്തിന്റെ കള്ളിവരച്ച് അധികാരത്തിന്റെ വീതം വെപ്പ് ചര്‍ച്ച ചെയ്യുന്നത് അങ്ങേയറ്റം ഹീനമായ നടപടിയാണ്. മതവിശ്വാസം പരമപ്രധാനമാണ്. അത് വ്യക്തിയുടെ സ്വാതന്ത്ര്യവും കര്‍മവും ജീവിതവുമാണ്. ഒരു സര്‍ക്കാറിന്റെ പുനഃക്രമീകരണത്തെ സങ്കുചിത സാമുദായികതയുടെ മുദ്രയടിച്ച് ചര്‍ച്ച ചെയ്യുന്നത് മനോരോഗമാണ്. ഓര്‍മവെച്ച നാള്‍ മുതല്‍ ജാതി - മത വേര്‍തിരിവില്ലാതെ ഒത്തൊരുമയെക്കുറിച്ച് കേട്ടുവളര്‍ന്നവര്‍ക്ക് വര്‍ഗീയ വിഭജനത്തോട് യോജിക്കാനാവില്ല. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തമ്മില്‍ത്തല്ല് കണ്ടാസ്വദിക്കാന്‍ ഒരു നല്ല കേരളീയനോ യഥാര്‍ഥ വിശ്വാസിക്കോ കഴിയില്ല. മുസ്‌ലിംലീഗുകാര്‍ അത് ശീലിച്ചിട്ടില്ല. ഒരു ഭരണചുമതലക്കാരനുണ്ടാവുമ്പോള്‍ അത് ഏത് സമുദായക്കാരനാണെന്ന് നോക്കി പ്രതികരിക്കുന്നത് കേരളത്തിന്റെ പൊതുസ്വഭാവമല്ല. കാര്യസാധ്യത്തിനായി പച്ചയ്ക്കു ജാതിപറയുന്ന ഈ പരിപാടി ആരായാലും നിരുത്സാഹപ്പെടുത്തണം. നമുക്ക് ശേഷം പ്രളയമല്ല. ഇനിയുള്ള തലമുറകളും ഇവിടെ സ്‌നേഹത്തോടെ കഴിയണം.

പ്രസംഗമധ്യേ വരുന്ന പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് പൊടിപ്പും തൊങ്ങലും വെച്ച് മീഡിയാശൈലി പ്രാപിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. എണ്ണമറ്റ ഭാവിപ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാനുള്ള കേരളം ഇങ്ങനെ നിരര്‍ഥകമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടന്നാല്‍ മതിയോ? ജനജീവിതം മെച്ചപ്പെടുത്താനുള്ള വിപുലമായ പദ്ധതികള്‍ അണിയറയിലുണ്ട്. പക്ഷേ, വിവാദവ്യവസായത്തിന്റെ ബഹളത്തില്‍ ഒന്നും നടക്കുന്നില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെയും വീഴ്ചകളെയുമാണ് പ്രതിപക്ഷം വിമര്‍ശിക്കേണ്ടത്.

'നോണ്‍ ഇഷ്യൂസ്' ആണ് പലപ്പോഴും 'ഇഷ്യൂ' ആയി രൂപാന്തരം പ്രാപിക്കുന്നത്. അതില്‍ ചുറ്റിത്തിരിയുകയാണ് ഭരണകൂടവും ജനതയും. വളര്‍ന്നുവരുന്ന തലമുറ ഇത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. കാലത്തിനൊത്ത് എല്ലാവര്‍ക്കും സ്വയം മാറേണ്ടിവരും. ഇല്ലെങ്കില്‍ എല്ലാം മാറ്റിമറിക്കാന്‍ പുതുതലമുറ രംഗത്തിറങ്ങും.

കോണ്‍ഗ്രസ് - മുസ്‌ലിംലീഗ് ബന്ധം വൈകാരികമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്താരംഭിച്ച് സോണിയാ ഗാന്ധിയിലെത്തി നില്‍ക്കുന്നത്; ബാഫഖി തങ്ങളിലൂടെ ആരംഭിച്ചത്. അതൊരു പോറലുമേല്‍ക്കാതെ നിലനില്‍ക്കും. ചെറിയ ചില അസ്വാരസ്യങ്ങളുണ്ടായപ്പോള്‍ സോണിയാജിയുടെ വീട്ടില്‍ വെച്ച് ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തിയത് ഓര്‍ക്കുന്നു. എല്ലാവരും പരസ്പര ധാരണയോടെ ഒത്തൊരുമിച്ച് നീങ്ങുന്നതാണ് യു.ഡി.എഫ്. ബന്ധം. അതില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര് ശ്രമിച്ചാലും നടക്കില്ല. ആരെയും അനുവദിക്കുകയുമില്ല.

Share

0 COMMENTS
POST A COMMENT

Name
Email
Press ctrl+g to toggle between English and Malayalam.© 2010 - 2011 Nilapadu.com All Rights Reserved.
Best viewed on Chrome, FF and IE 7+