Font Problem
Download Font

താല്‍ക്കാലിക നേട്ടത്തിനായി അടിക്കല്ലിളക്കരുത്

മുന്നണി രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിക്ക് ന്യായവും അര്‍ഹവും ആയ പരിഗണന നല്‍കുന്നതിനെ സങ്കുചിത സാമുദായികതയായി ദുര്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ചില "മീഡി യ"കള്‍ ദുഷ്ട്ടലാക്കോടെ ആസൂത്രണം ചെയ്തു ഉയര്‍ത്തിവിട്ട വാദ കോലാഹലങ്ങള്‍ ഏറെ തെറ്റിധാരണകള്‍ സൃഷ്ട്ടിച്ച്ചിരിക്കുന്നു . രാഷ്ട്രീയത്തിലെ അനഭിലഷനീയമായ പ്രവണതകള്‍ക്ക് അത് വളം വെക്കുകയാണ്‌.

ജനാധിപത്യ ഭരണക്രമം നിലവില്‍ വന്ന ശേഷം കേരളത്തിലെ പ്രബുദ്ധ സമൂഹത്തില്‍ അധികാര വിഭജനവുമായി ബന്ധപ്പെട്ടു ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ലാത്ത ജാതി, മത വേര്‍തിരിവുകളാണ് ഇപ്പോള്‍ ഉണ്ടാക്കാന്‍ നോക്കുന്നത് . ഇതു നാടിന്‍റെ ഭാവിയില്‍ എപ്രകാരം പ്രതിഫളിക്കുമെന്നത് ഒന്നും അവര്‍ക്ക് വിഷയമല്ല. താല്‍കാലിക ലാഭത്തിനുവേണ്ടി തറക്കല്‍ മാന്തുന്ന ഏര്‍പ്പാടാണ് ഇത്തരം" മിഡിയാ കേന്ദ്രീകൃത " രാഷ്രീയ പ്രചാരണങ്ങള്‍ നിര്‍വഹിക്കുന്നത് .

യു.ഡി . എഫ് ല്‍ ഘടക കക്ഷിയും ഭരണത്തില്‍ പ്രാതിനിധ്യവുമുള്ള മുസ്ലീം ലീഗിന്‍റെ നയ നിലപടുകളിലോ രാഷ്ട്രീയ സമീപനങ്ങളിലോ പുതുതായി എന്തെങ്കിലുമൊരു മാറ്റം സംഭവിച്ചിട്ടില്ല. പക്ഷെ മുസ്ലീം ലീഗ് അനര്‍ഹമായി എന്തൊക്കെയോ നേടുന്നു. പിടിച്ചെടുക്കുന്നു എന്ന തെറ്റായ സന്ദേശം നല്‍കുന്ന കുപ്രചരണങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. അല്‍പ്പമെങ്കിലും വസ്തുതാപരമായ തെളിവുകള്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് മുന്നോട്ടു വെക്കാനില്ല. വെറും കാടിലക്കലല്ലാതെ, മുന്നണിയുടെ താല്പ്പര്യത്തിനും നാടിന്‍റെ വിശാല ലക്ഷ്യങ്ങല്‍ക്കുമായി നിരന്തരം വിട്ടുവീഴ്ച ചെയ്തു പോന്ന ഒരു പ്രസ്ഥാനത്തിനെതിരെയാണ് ഇത്രയും ഹീനമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് എന്ന വസ്തുത ചിന്തിക്കുന്നവര്‍ക്കറിയാം. കേരള ജനതയ്ക്ക് മുസ്ലീം ലീഗിനെ അറിയാം. അതിന്‍റെ നേതാക്കളെയും.

മതേതര ജനാതിപത്യ ക്രമം സുഭദ്രമായി നിലകൊള്ളുന്നതിനു മുസ്ലീം ലീഗ് ചെയ്തിട്ടുള്ള ത്യാഗപൂര്‍ണമായ വിട്ടുവീഴ്ചകള്‍ ദേശീയ തലത്തില്‍ തന്നെ പലവട്ടം പ്രകീര്‍ത്തിക്കപ്പെട്ടതാണ്. പലപ്പോഴും ഇത്തരം വിട്ടുവീഴ്ചകള്‍ സംബന്ധിച്ച് അണികളെ ബോധ്യ പ്പെടുത്താന്‍ മുസ്ലീം ലീഗ് നേതൃത്വം ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. മുന്നണി മര്യാദകള്‍ക്കായി വിട്ടുവീഴ്ച്ചകളുടെ കഠിന നഷ്ടം സഹിക്കേണ്ടിവന്ന കക്ഷി കൂടിയാണ് മുസ്ലീം ലീഗ്. ഇപ്പോഴും അത് തുടരുന്നു.

പുതിയ മന്ത്രി പദവി വരുമ്പോഴും മുസ്ലീം ലീഗിന് എന്താണ് ലാഭം. അമിതമായി കിട്ടിയതെന്ത്‌? പാര്‍ട്ടിയുടെ പക്കലുള്ള വകുപ്പെടുത്തു പാര്‍ട്ടിയിലെ മറ്റൊരാള്‍ക്ക്‌ കൊടുക്കുന്നു. ഏതെങ്കിലും കക്ഷിക്ക് വകുപ്പ് നഷ്ട്ടം സംഭവിച്ചോ? ഇതിനു പുറമേ രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്തു. തല്ക്കാലം മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെ. മുസ്ലീം ലീഗിന് പിന്നീടു മതിഎന്നു പറഞ്ഞു. എന്നിട്ടും ആക്ഷേപിക്കപ്പെടുന്നത് ഖേദകരമാണ്. മുന്നണിയിലെ സഹകക്ഷി നേതാക്കളെയും സ്ഥാനാര്‍ത്ഥികളെയും അവരുടെ പരിപാടികളെയും 'സ്വന്ത ' മെന്നുകണ്ട് പിന്തുണക്കുകയും വിജയിപ്പികുകയും ചെയ്ത മഹത്തായ പാരമ്പര്യമാണ് മുസ്ലീം ലീഗിന്‍റെത്. എത്രയെത്ര തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ യാത്രകള്‍, ഇടപെടലുകള്‍ ഇതിനു ഉദാഹരണമായികാണാനാവും. ഏറ്റവും അവസാനം നടന്ന ലോകസഭ തിരഞ്ഞടുപ്പിലെ അതുല്യ വിജയങ്ങളില്‍ പോലും മുസ്ലീം ലീഗിന്‍റെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും പ്രത്യേകം പരാമര്‍ശിച്ച നിരവധി പാര്‍ലമെണ്ടു അംഗങ്ങളുണ്ട്‌. കണ്ണൂരില്‍ കെ . സുധാകരന്‍, വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട് എം .കെ .രാഘവന്‍ തുടങ്ങി കേരളമെങ്ങും അതുതുറന്നു പറഞ്ഞിട്ടുണ്ട്.യു. ഡി. എഫ്. സ്ഥാനാര്‍ഥിയുടെ കൊടിയും നിറവും നോക്കാതെ മരിച്ചു പണിയെടുക്കുന്നവരാണ് മുസ്ലീം ലീഗിന്‍റെ പ്രവര്‍ത്തകരെന്ന്, ഇടതുമുന്നണിയുടെ കോട്ടകള്‍ തകര്‍ത്തു യു .ഡി. എഫ് ന്‍റെ വെന്നിക്കൊടി നാട്ടുകയും ആവിജയങ്ങളില്‍ ആഹ്ലാദത്തോടെ ആരവം മുഴക്കുകയും ചെയുന്ന മുസ്ലീം ലീഗിന്‍റെ ചുണക്കുട്ടികളെ അവരെല്ലാം പ്രകീര്‍ ത്തിച്ചിട്ടുണ്ട്.

സി. പി. എമ്മിന്‍റെ കൊലക്കത്തി രാഷ്ട്രീയത്തിന് മുന്നില്‍ ജീവന്‍ പണയപ്പെടുത്തിയാണ്‌ യു. ഡി. എഫിന് വേണ്ടി കണ്ണൂര്‍ പോലുള്ള കോട്ടകളില്‍ മുസ്ലീം ലീഗ് പ്രവര്‍ ത്തിക്കുനത്. നാടിന്‍റെ മത മൈത്രിയെ അപകടപെടുത്തുന്ന ആരുമായും രാജിയില്ലെന്ന് പ്രഖ്യാപിച്ച പ്രസ്ഥാനമാണ്‌ മുസ്ലീം ലീഗ്. മതസൌഹാര്‍ദം തകര്‍ക്കും വിധം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നവരെപോലും കയ്യോഴിഞ്ഞതാണ് മുസ്ലീം ലീഗിന്‍റെ പാരമ്പര്യം. ബാബറി മസ്ജിത് തകര്‍ക്കപ്പെട്ട അത്യന്തം പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയ സന്ദര്‍ഭത്തില്‍ വികാരങ്ങളുടെ വേലിയേറ്റത്തിനൊപ്പം നിന്ന് തീവ്ര ചിന്തകളെ വളര്‍ ത്താനല്ല മുസ്ലീം ലീഗ് ശ്രമിച്ചത്‌. ക്ഷാമപൂര്‍വമായ നിലപാടുകള്‍ കൈകൊണ്ടതിന് അന്നും വലിയനഷ്ട്ടം മുസ്ലീം ലീഗിന് സംഭവിച്ചു. എന്നിട്ടും മതമൈത്രിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ സയ്യിദ് മുഹമ്മദ്‌ അലി സിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് കാവലിരുന്നു. അങ്ങാടിപ്പുറം തളി ക്ഷേത്ര പ്രശ്നം , നടുവട്ടം, പയ്യോളി , തലശ്ശേരി തുടങ്ങി ഗുരുതരമായ പല സംഘര്‍ഷ ഘട്ടങ്ങളിലും സമാധാനത്തിന്‍റെ സന്ദേശവാഹകര്‍ ആയി എ ത്തിയത്‌ മുസ്ലീം ലീഗ് നേതാക്കളാണ്. സീതി സഹിബ്ബും ബാഫഖി തങ്ങളും സിഎച്ചും പൂക്കോയ തങ്ങളും കാണിച്ചു തന്ന മാര്‍ഗം ആണ് അത്. അപ്പോഴൊക്കെ അതി വൈകാരികതയുടെ കൂടെ നിന്നിരുന്നു എങ്കില്‍ താത്കാലിക ലാഭങ്ങള്‍ ഉണ്ടാകുമായിരുന്നു. അവിടെയും നഷ്ടടം സംഭവിച്ചാലും നാടിനുവേണ്ടി വിട്ടുവീഴ്ച മനോഭാവത്തോടെ നിലകൊള്ളുകയായിരുന്നു മുസ്ലീം ലീഗ്.

എന്നും പൊതു നന്മക്കായി വിട്ടു വീഴ്ച ചെയ്ത ആ പാരമ്പര്യമാണ് ഇത്തവണയും മുസ്ലിം ലീഗ് പുലര്‍ത്തിയത്‌ .അത്തരമൊരു വിട്ടു വീഴ്ച ഇവ്വിധം കുപ്രച്ചരണത്തിനു നിമിത്തമാകുമെന്നു സ്വപ്നത്തില്‍ പോലും കരുതാത്തതാണ് .

ഗവര്‍ന്മെന്റ് രൂപീകരണ ഘട്ടത്തില്‍ യു. ഡി . എഫ് . നേതൃത്വം മുസ്ലിം ലീഗിനു ഇങ്ങോട്ട് വാഗ്ദാനം ചെയ്തതാണ് നാല് മന്ത്രിസ്ഥാനവും അധികം ഒരു പദവിയും . രണ്ടു പതിറ്റാണ്ട് മുന്‍പ് 19 എം . എല്‍ . എ മാരുള്ളപ്പോള്‍ മുസ്ലിം ലീഗ് നു നാല് മന്ത്രിസ്ഥാനവും കാബിനെറ്റ്‌ റാങ്കോടെ ഒരു ഗവര്‍ന്മെന്റ് ചീഫ് വിപ്‌ പദവിയും ലഭിച്ചിട്ടുണ്ട് . അന്ന് നൂറു സീറ്റ് യു. ഡി . എഫ് നും 60 സീറ്റ് കോണ്‍ഗ്രെസ്സ്നും ഉണ്ടായിരുന്നു . ഇപ്പോള്‍ 72 സീറ്റുള്ള യു. ഡി . എഫില്‍ കോണ്‍ഗ്രസ്‌ കക്ഷിനില 38 ആയിരിക്കുമ്പോഴാണ് മുസ്ലിം ലീഗിന് 20 എം . എല്‍ . എ മാരുള്ളത്. തീര്‍ത്തും ന്യായമായ അങ്ങേയറ്റം അര്‍ഹമായ ഒരു വാഗ്ധാനമായിരുന്നു യു. ഡി . എഫ് . മുസ്ലിം ലീഗിന് നല്‍കിയ 4 +1. (നാലിനൊപ്പം ഒന്ന് കൂടി ). മുസ്ലിം ലീഗിന് അത് സ്വീകാര്യവുമായിരുന്നു . അതിലധികം അവകാശ വാദം ഉന്നയിക്കാനോ കേവല ഭൂരിപക്ഷമുള്ള മുന്നണിയെ വില പെശലിന്‍റെ മുള്‍മുനയില്‍ നിര്‍ത്താനോ മുസ്ലിം ലീഗ് പോയിട്ടില്ല .അതിശീഖ്രം ചര്‍ച്ചകള്‍ തീര്‍ന്നത് മുസ്ലിം ലീഗുമായിട്ടായിരുന്നു .ഒരു നിമിഷം കൊണ്ടാവസാനിക്കും വിധം ഗതിവേഗമുള്ള തീര്‍പ്പാക്കല്‍ . പക്ഷെ മുന്നണിയിലെ മറ്റു കക്ഷികളുമായി ചര്‍ച്ചചെയ്തപ്പോള്‍ പല പ്രശ്നങ്ങളും ഉയര്‍ന്നു വന്നു.

മുസ്ലിം ലീഗിനു വാഗ്ദാനം ചെയ്ത അധികമുള്ള ഒരു പദവി മുന്നണിയുടെ പൊതു താല്പര്യത്തിനായി വിട്ടു കൊടുക്കേണ്ടി വന്നു . മുസ്ലിം ലീഗിനോട് കാത്തിരിക്കാന്‍ യു. ഡി . എഫ് ആവശ്യപ്പെട്ടു . ചര്‍ച്ചകളില്‍ വഴിമുട്ടി നില്‍ക്കാതെ ഗവര്‍ന്മെന്റ് രൂപീകരണം ഉടന്‍ നടക്കട്ടെയെന്നും ആറു മാസം കഴിഞ്ഞു ബാക്കി വിഷയങ്ങളില്‍ തീര്‍പ്പാക്കാമെന്നുള്ള നിര്‍ദേശം വന്നപ്പോള്‍ മുസ്ലിം ലീഗ് സമ്മതിച്ചു . പാര്‍ടി വീണ്ടും വിട്ടുവീഴ്ച ചെയ്തു. 20 എം . എല്‍ . എ മാരുള്ള പാര്‍ട്ടി എന്ന നിലക്ക് ന്യായമായും ചോദിക്കാവുന്ന കൂടുതല്‍ വകുപ്പ് പോലും വേണ്ടെന്നു വച്ച് ഉള്ളത് കൊണ്ട് സംതൃപ്തരായി.

പുതിയ പദവി സംബന്ധിച്ച തീരുമാനംനീണ്ടു പോയപ്പോള്‍ ആവശ്യപെടാതെ തന്നെ നിശ്ചയിക്കപ്പെട്ട അര്‍ഹമായ പദവി നിഷേധിക്കപ്പെടുന്നതിന്‍റെ വികാരമുണര്‍ന്നു. യു. ഡി . എഫ് മന്ത്രി സഭ നിലവില്‍ വരുന്നതിനായി മുസ്ലിം ലീഗ് ചെയ്ത വിട്ടു വീഴ്ചക്കും കാത്തിരിക്കാനുള്ള സന്നധ്ധതക്കും കിട്ടിയ ശിക്ഷയായി ഇത് മാറുകയായിരുന്നു . മുന്നണിയുടെ അധികാരാരോഹണത്തിനും കേട്ടുറപ്പിനുമായി ത്യാഗം ചെയ്യുന്ന പ്രസ്ഥാനത്തിന് നല്‍കപ്പെട്ട മാന്യമായ വാഗ്ധാനമാണ് നിഷേധിക്കപ്പെടുന്നത്. അത് കാണാതെ മുസ്ലിം ലീഗ് മറ്റാരുടെയോ അവകാശം കവര്‍ന്നെടുക്കുന്നുവെന്ന തരത്തിലുള്ള ചാനല്‍ യുധ്ധങ്ങളാണ് പിന്നീടുണ്ടായത്. ദുര്‍ലഭം ചിലരെങ്കിലും ഈ പ്രചാരണം വിശ്വാസത്തിലെടുത്തു എന്ന് കരുതണം. ഒരു ദിവസത്തെ വാര്‍ത്തകൊണ്ട് രാഷ്ട്രീയമോ ഒരു മുന്നണിയോ നടത്തിക്കൊണ്ടു പോകാന്‍ പറ്റുമോ? യു. ഡി . എഫ് ഖടകകക്ഷികളെ തമ്മില്‍ തല്ലിക്കാനാണ് ഒരു സംഘം "മീഡിയ" നിരന്തരം ശ്രമിക്കുന്നത്.

ചാനലുകള്‍ അവരുടെ പണി നോക്കട്ടെ. മുസ്ലിം ലീഗിനു വലുത് ആത്മാഭിമാനമാണ്.വര്‍ഗീയതയോടും തീവ്രവാദത്തോടും സന്ധിയില്ലാതെ പൊരുതി , മതമൈത്രിക്കുവേണ്ടി ത്യാഗമനുഭവിച്ചു , നാടിന്‍റെ പുരോഗതിക്കും നൂനപക്ഷ , പിന്നോക്ക ജനതയുടെ അവകാശ സംരക്ഷനത്തിനുമായി ദീര്ഘ വീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്ക്കരിച്ചു പ്രവര്‍ത്തിക്കുന്ന മതേതര ജനാധിപത്യ പ്രസ്ഥാനമാണിത്. രാജ്യത്തിനാവശ്യമായ നിര്‍ണായക ഖട്ടങ്ങളില്‍ മുസ്ലിം ലീഗ് അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിന്‍റെ മഹത്തായ ഈ സംഭാവനകള്‍ ഇന്നലെയോളം കക്ഷി , മതഭേധമെന്യേ രാജ്യമെങ്ങും പ്രശംസിക്കപ്പെട്ടിട്ടുണ്ട് . എന്‍ . എസ് .എസ്സ് മായും എസ്‌.എന്‍ .ഡി.പി. യു മായെല്ലാം മുസ്ലിം ലീഗ് നല്ല സൗഹൃദത്തിലും ആയിരുന്നു. ഒരു ദിവസം കൊണ്ട് ഇതെല്ലം ഇല്ലാതാകുമോ?

വാഗ്ദത്തം ചെയ്യപ്പെട്ട ന്യായമായ പദ്ധവിയെക്കുരിച്ചാണ് മുസ്ലിം ലീഗ് ഉണര്‍ത്തിയത് . അതില്‍ വിഭാഗീയത കാണുന്നവരാണ് അന്തരീക്ഷം മലിനമാക്കുന്നത് . കേരളത്തില്‍ മുഖ്യമന്ത്രി പദം വരെ വഹിച്ച പ്രസ്ഥാനമാണിത്. മുസ്ലിം ലീഗിന്‍റെ ചരിത്രം അറിയുന്നവര്‍ അത്തരമൊരു ദുരാരോപണം ഉന്നയിക്കില്ല.

മുസ്ലിം ലീഗിന് ഒരു പദവി ലഭിക്കുന്നതോടെ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന ഭയം ഇടതു പക്ഷത്തെയും പിടി കൂടിയിരിക്കുന്നു. കഴിഞ്ഞ ഇടതു ഭരണത്തിലെ സമുദായ സന്തുലിതാവസ്ഥയെക്കുറിച്ച് എന്ത് പറയാനുണ്ട്? അന്നതൊരു വിഷയമായില്ല. അന്ന് ഈ ഭാഷയില്‍ ആരും സംസാരിച്ചിട്ടില്ല. അത്തരം പ്രയോഗങ്ങള്‍ നിഷ്പക്ഷമതികളുടെ മനസ്സില്‍ വ്രണങ്ങള്‍ ഉണ്ടാക്കും. അതിനെ വിമര്‍ശിക്കുന്ന ഭാഷയും ഹൃദയം മുറിക്കുന്നവയാണ്

സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭരണം ചുരുങ്ങിയ കാലത്ത്തിനകം അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കുകയാണ്. അക്ഷരാര്‍ത്തത്തില്‍ രാവും പകലുമില്ലാതെ ഊണും ഉറക്കവുമില്ലാതെ ജനങ്ങള്‍ക്ക്‌ വേണ്ടി ജീവിക്കുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. യു. ഡി.എഫിനെ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുന്നതില്‍ രമേശ്‌ ചെന്നിത്തലയുടെ കര്‍മ കുശലതയും പ്രശംസനീയമാണ്. കുഴഞ്ഞു മറിഞ്ഞ പലതരം സങ്കീര്‍ണ പ്രശ്നങ്ങളെ അഭി മുഖീകരിച്ചു നാടിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയോട് ആ തിരക്കിനുള്ളില്‍ ചെന്ന് മുസ്ലിം ലീഗിന്‍റെ മന്ത്രി പദവി യെക്കുറിച്ച് ഏതു വിധം സംസാരിക്കുമെന്ന പ്രയാസമുണ്ടായിരുന്നു . അര്‍ഹതപ്പെട്ട നീതി വൈകുന്നതിലെ പ്രശ്നങ്ങള്‍ മറു ഭാഗത്തും.

പ്രശ്ന പരിഹാരത്തിന് മുന്‍പുള്ള സന്ദര്‍ഭങ്ങള്‍ ഈ വിധമാണ് സങ്കീര്‍ണമായി കടന്നുപോയത്. പക്ഷെ ഇതിന്‍റെ പേരില്‍ നടക്കുന്ന വികാര പ്രകടനങ്ങള്‍ അതിര് കടക്കുന്നത്‌ ആര്‍ക്കായാലും ഭൂഷണമല്ല. രമേശ്‌ ചെന്നിത്തലയുടെ വീടിനുമുന്‍പിലും ചങ്ങനാശ്ശേരിയിലും എല്ലാം ഉണ്ടായ പ്രകടനങ്ങല്‍ പാര്‍ട്ടി ഗൌരവമായി കാണും. അതില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പങ്കു വ്യക്തമായാല്‍ കര്‍ശനനടപടി ഉണ്ടാകും. മുസ്ലീം ലീഗിന്‍റെ പേരില്‍ അച്ചടക്ക വിരുദ്ധമായ അത്തരം പ്രകടനങ്ങള്‍ നടത്തുന്നവര്‍ ആരായാലും മാപ്പ് അര്‍ഹിക്കുന്നില്ല. അത്തരക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണോ എന്നുതന്നെ സംശയിക്കണം. 'മീഡിയ ' ക്ക് വേണ്ടി നടത്തുന്ന ഇത്തരം അതിര് വിട്ട കളിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പെട്ട് പോവരുത്. മുസ്ലീം ലീഗിന് ഒരു അച്ചടക്ക ക്രമം ഉണ്ട്. പ്രതികരണങ്ങള്‍ അതാതിന്‍റെ വേദിയില്‍ ആയിരിക്കണം അനുഭാവികള്‍ എന്ന വ്യാജേന രോഷ പ്രകടനവുമായി വരുന്നവര്‍ ഏതു ജനുസ്സില്‍ പെട്ടതാണെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ആര് പ്രകോപനങ്ങള്‍ സൃഷ്ടിച്ചാലും മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പ്രതികരണം സംയമനത്തിന്‍റെ ഭാഷയിലായിരിക്കണം . മുദ്രാവാക്യങ്ങളില്‍ പോലും സംയമനത്തിന്‍റെ സംസ്കാരം സൂക്ഷിക്കുക.

യു. ഡി. എഫ്. കേരള ജനത യുടെ അന്തസ്സാണ്. മുസ്ലീം ലീഗ് മതേതര വിശ്വാസികളുടെയും ന്യുന പക്ഷ പിന്നോക്ക ജനത യുടെയും അഭിമാനവും. ഇത് രണ്ടിനേയും തളര്‍ത്താന്‍ ആരെയും അനുവദിക്കരുത്.

Share

0 COMMENTS
POST A COMMENT

Name
Email
Press ctrl+g to toggle between English and Malayalam.© 2010 - 2011 Nilapadu.com All Rights Reserved.
Best viewed on Chrome, FF and IE 7+